കോട്ടയം: ബി.എസ്.എൻ.എല്ലിൽ 50 വയസ്സ് കഴിഞ്ഞ സബ് ഡിവിഷനൽ എൻജിനീയർ, ഡിവിഷനൽ എൻജിനീയർമാർ എന്നിവർക്ക് (അസി. ജനറൽ മാനേജർ) നിർബന്ധിത സ്ഥലം മാറ്റം.
റൊട്ടേഷനൽ ട്രാൻസ്ഫർ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 26 വർഷവും അതിലധികവും കേരളത്തിൽ ജോലിചെയ്തവരെ സ്ഥലം മാറ്റുന്നത്. ഇതിനു മുന്നോടിയായി 26 വർഷത്തിലേറെ സർവിസുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 52-53 വയസ്സുള്ളവരാണ് ഇവരിലധികവും. കോട്ടയം ഡിവിഷനിൽ അഞ്ച് ഡിവിഷനൽ എൻജിനീയർമാരും ആറ് സബ് ഡിവിഷനൽ എൻജിനീയർമാരുമടക്കം 11 പേരാണ് പട്ടികയിൽപെട്ടത്. ഇവരിൽ ആറുപേർ സ്ത്രീകളാണ്.
ആദ്യമായാണ് ബി.എസ്.എൻ.എല്ലിൽ റൊട്ടേഷനൽ സംവിധാനം നടപ്പാക്കുന്നത്. ജീവനക്കാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു നേരത്തേ മറ്റു സർക്കിളുകളിലേക്ക് സ്ഥലം മാറ്റിയിരുന്നത്. രണ്ടുവർഷം കഴിഞ്ഞാൽ തിരിച്ചുമടങ്ങാനും അവസരമുണ്ടായിരുന്നു. ബി.എസ്.എൻ.എൽ അഖിലേന്ത്യ സർവിസ് ആണെന്നും സർക്കിളുകളിലെ സ്ഥലംമാറ്റം സേവന കാര്യക്ഷമത വർധിപ്പിക്കും എന്നുമാണ് റൊട്ടേഷനൽ സംവിധാനം നടപ്പാക്കുന്നതിന് ബി.എസ്.എൻ.എല്ലിന്റെ വിശദീകരണം. മൂന്ന് ഓപ്ഷനാണ് സ്ഥലംമാറ്റത്തിനു പോർട്ടലിൽ നൽകിയിരുന്നത്.
ബി.എസ്.എൻ.എല്ലിൽ ഓരോ സംസ്ഥാനവും ഓരോ സർക്കിളുകളാണ്. തമിഴ്നാട്, കൊൽക്കത്ത എന്നിവിടങ്ങളിൽ മാത്രമാണ് രണ്ടു സർക്കിളുകളുള്ളത്. 2020ൽ 78,000 പേർക്ക് കൂട്ട വി.ആർ.എസ് നൽകിയതോടെ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന സർക്കിളാണ് കേരളം. നിലവിൽ 425 ഡിവിഷനൽ എൻജിനീയർമാർ വേണ്ടിടത്ത് ഉള്ളത് 107 പേരാണ്. റൊട്ടേഷനൽ സംവിധാനത്തിനെതിരെ സഞ്ചാർ നിഗം എക്സിക്യൂട്ടിവ്സ് അസോസിയേഷൻ കേരള രംഗത്തുണ്ട്. 2020ൽ 50 വയസ്സ് മാനദണ്ഡമാക്കി നടപ്പാക്കിയ വി.ആർ.എസിൽ ഉൾപ്പെടാത്തവരാണ് സ്ഥലംമാറ്റപ്പട്ടികയിലുള്ളത്. വിരമിക്കാറായ ഇവരെ കേരളത്തിനു പുറത്തേക്ക് മാറ്റുന്നത് സർവിസിൽനിന്ന് ഒഴിവാകാൻ പ്രേരിപ്പിക്കുമെന്നും ഇത് ജീവനക്കാർ വീണ്ടും കുറയാനിടയാക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ചെലവില്ലാതെ ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്. ബി.എസ്.എൻ.എൽ വലിയ നഷ്ടമില്ലാതെ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. ജീവനക്കാരുടെ കുറവ് നികത്താൻ സ്ഥലംമാറ്റം ആവാം. എന്നാൽ, റൊട്ടേഷനൽ സംവിധാനം അംഗീകരിക്കാനാകില്ലെന്നാണ് അസോസിയേഷൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.