കോട്ടയം: ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തിയായ പുതിയ ഒ.പി, അത്യാഹിത വിഭാഗം ബ്ലോക്കിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 2.78 കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണി പൂർത്തിയാക്കിയത്.
9888 ചതുരശ്രഅടിയിൽ രണ്ടു നിലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം. താഴത്തെ നിലയിൽ നാല് ഒ.പി കേന്ദ്രം, അത്യാഹിത വിഭാഗം, മൈനർ ഒ.ടി, ഡ്രസിങ് റൂം, നഴ്സിങ് സ്റ്റേഷൻ, കുത്തിവെപ്പ് മുറി, നെബുലൈസേഷൻ മുറി, ശൗചാലയം, ഭിന്നശേഷിക്കാർക്കായി പ്രത്യേകം സജ്ജീകരിച്ച ശൗചാലയങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയിൽ ഹൗസ് സർജൻമാരുടെ ഡ്യൂട്ടി മുറി, ലോബി ഹാൾ, ഇ-ഹെൽത്ത് റും എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാല് ഡോക്ടർമാരുടെ സേവനം ആരോഗ്യകേന്ദ്രത്തിൽ ലഭ്യമാണ്.
ഒ.പി രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിക്കും. നാനൂറോളം രോഗികൾ ദിനംപ്രതി എത്തുന്ന ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.