കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ജീവനക്കാരി എൽസി അടക്കമുള്ളവരുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ എം.ജി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. അതിരമ്പുഴയിൽനിന്ന് ആരംഭിച്ച പ്രകടനം സർവകലാശാല കവാടത്തിന് മുന്നിലെത്തിയപ്പോഴാണ് ബാരിക്കേഡുവെച്ച് പൊലീസ് തടഞ്ഞത്. ഇതോടെ ബാരിക്കേഡ് ചവിട്ടി മറിച്ചിടാൻ ശ്രമമുണ്ടായി.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പിൻവാങ്ങിയ പ്രവർത്തകർ ഉദ്ഘാടനത്തിനുശേഷം വീണ്ടും ബാരിക്കേഡിന് മുകളിൽ കയറി. രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതോടെ മുദ്രാവാക്യം വിളികളുമായി റോഡിൽ കുത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ഉന്തും തള്ളിനുമിടയാക്കി.
തുടർന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യോഗം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോർജ് പയസ്, വൈസ് പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായ പി.കെ. വൈശാഖ്, ജില്ല കമ്മിറ്റി അംഗം നെസിയ മുണ്ടപ്പള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.