കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന രാജധാനി ഹോട്ടൽ കെട്ടിടത്തിലെ എടുപ്പുകൾ നഗരസഭയുടെ ചെലവിൽ പൊളിച്ചുനീക്കാൻ തീരുമാനം. കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ച സംഭവത്തെതുടർന്ന് വെള്ളിയാഴ്ച ചേർന്ന അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.
കെട്ടിടത്തിൽ നിലവിൽ തള്ളിനിൽക്കുന്നതും അപകടകരമായതുമായ എടുപ്പുകളാണ് പൊളിച്ചുനീക്കുക. തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലെയും കച്ചവടം നിർത്തിവെപ്പിക്കും. അപകടം നടന്ന സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിക്കും. ഈ തീരുമാനങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അടിയന്തര കൗൺസിൽ ചേരും.
യോഗത്തിൽ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബി. ഗോപകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ജയകുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശങ്കരൻ, മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാർ, ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറി ഫില്ലീസ് ഫെലിക്സ്, അസി.എക്സിക്യൂട്ടിവ് എൻജിനീയർ അനില അന്ന വർഗീസ്, റവന്യൂ ഓഫിസർ എസ്.എ. മനീഷ് എന്നിവർ പങ്കെടുത്തു.
വ്യാഴാഴ്ച രാത്രിയാണ് കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് ചങ്ങനാശ്ശേരി സ്വദേശിയായ ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം സംഭവിച്ചത്. പൊളിക്കാൻ തീരുമാനിച്ച ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്നാണ് രാജധാനി കെട്ടിടം പ്രവർത്തിക്കുന്നത്. നഗരസഭ വാടക ഉയർത്തിയതിനെത്തുടർന്ന് കുറച്ചുനാളായി ഹോട്ടൽ പ്രവർത്തിക്കുന്നില്ല.
കെട്ടിടത്തിന് പഴക്കം അധികമില്ലെങ്കിലും അശാസ്ത്രീയ നവീകരണ പ്രവൃത്തികൾക്കെതിരെയാണ് വ്യാപക ആക്ഷേപം ഉയരുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വെസ്റ്റ് പൊലീസ് കേസെടുത്തു.
ഹോട്ടൽ ഉടമക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ല. എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനകൾക്കുശേഷമേ അത്തരം നടപടികളിലേക്ക് നീങ്ങൂവെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം: രാജധാനി കെട്ടിടം ഒഴിപ്പിക്കാത്തതിലും പുനർനിർമാണത്തിന് അനുമതി കൊടുത്തതിലും അഴിമതിയുണ്ടെന്ന് നഗരസഭയിലെ പ്രതിപക്ഷം ആരോപിച്ചു. ലോട്ടറിക്കടയിലെ ജീവനക്കാരന്റെ മരണത്തിൽ ചെയർപേഴ്സനും ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ട്. ചെയർപേഴ്സനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. നഗരത്തിലെ മുഴുവൻ അനധികൃത നിർമാണങ്ങളും പൊളിച്ചുനീക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ഷീജ അനിലും സെക്രട്ടറി എം.എസ്. വേണുക്കുട്ടനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.