കോട്ടയം: മുനിസിപ്പൽ പാർക്കിലെ കളിയുപകരണങ്ങൾ കുട്ടികൾക്ക് ഭീഷണിയെന്ന മുന്നറിയിപ്പുമായി 2022-23 ഓഡിറ്റ് റിപ്പോർട്ട്. തുരുമ്പുപിടിച്ച കളിയുപകരണങ്ങൾ കുട്ടികൾ ഉപയോഗിക്കാത്ത രീതിയിൽ സൂക്ഷിക്കണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശിക്കുന്നു.
12 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച കളിയുപകരണങ്ങളാണ് നശിക്കുന്നത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ നടപടിയെടുക്കുന്നില്ല. എറണാകുളം കേന്ദ്രമായ ബിൽഡ് ഇന്ത്യ കമ്പനിയാണ് കളിയുപകരണങ്ങൾ സ്ഥാപിച്ചത്. എന്നാൽ, ഈ സ്ഥാപനവുമായി നഗരസഭ തയാറാക്കിയ കരാർ നിയമപരമായി നിലനിൽക്കില്ല.
വാർഷിക അറ്റകുറ്റപ്പണി നടത്താൻ കരാർ ഉണ്ടാക്കിയിട്ടുമില്ല. നാശോന്മുഖമായ നാഗമ്പടം സ്റ്റേഡിയത്തിലെ കടമുറികൾ വാടക നൽകാതെ അനധികൃതമായി ചില വ്യക്തികൾ കൈവശം വെച്ചിരിക്കുന്നു.
ഉപയോഗയോഗ്യമായ എത്ര കടമുറികൾ ഉണ്ടെന്നുപോലും നഗരസഭക്ക് അറിയില്ല. ആരെങ്കിലും വന്ന് വാടക അടച്ചാൽ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
ഈ കടമുറികൾ തിരിച്ചെടുത്ത് കൃത്യമായ അറ്റകുറ്റപ്പണി നടത്താനും നിർദേശിക്കുന്നു. തിരുനക്കര മൈതാനത്തിന്റെ പാട്ടക്കുടിശ്ശിക നഗരസഭക്ക് വലിയ ബാധ്യത ഉണ്ടാക്കുമെന്നതിനാൽ നിലവിലുള്ള വാടകനിരക്ക് വർധിപ്പിക്കാനും ശിപാർശ ചെയ്യുന്നു.
ക്വാർട്ടേഴ്സുകൾ ഉപയോഗിച്ചിരുന്ന ജീവനക്കാർ അടക്കേണ്ടിയിരുന്ന വെള്ളക്കരം കുടിശ്ശിക അടച്ചത് നഗരസഭ. ഇതുമൂലം നഗരസഭക്ക് സാമ്പത്തിക ബാധ്യത വന്നതിനാൽ കുടിശ്ശിക വരുത്തിയ ജീവനക്കാരിൽനിന്ന് അടിയന്തരമായി തുക തിരിച്ചുപിടിക്കാൻ ഓഡിറ്റ് നിർദേശം.
11 കണക്ഷനുകളിലെ 2002 മുതലുള്ള വെള്ളക്കരമാണ് കുടിശ്ശികയായത്. തുടർന്ന് കണക്ഷൻ വിച്ഛേദിക്കുകയാണെന്ന് അറിയിച്ച് വാട്ടർ അതോറിറ്റി നഗരസഭക്ക് നോട്ടീസ് നൽകി. കുടിശ്ശിക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അപേക്ഷ നൽകിയെങ്കിലും വിച്ഛേദിച്ച തീയതി വരെയുള്ള കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ടു.
കണക്ഷനുകൾ ഉപയോഗിച്ചിരുന്ന ജീവനക്കാരുടെ പേരുവിവരങ്ങൾ കണ്ടെത്തി തുക ഈടാക്കാൻ റവന്യൂ ഓഫിസർക്ക് 2021 ആഗസ്റ്റിൽ സെക്രട്ടറി നിർദേശം നൽകിയെങ്കിലും തുക ഇതുവരെ ഈടാക്കിയിട്ടില്ല. വെള്ളക്കരം കുടിശ്ശിക നഗരസഭക്ക് അനുവദിച്ച ഗ്രാന്റിൽനിന്ന് സർക്കാർ കുറക്കുകയായിരുന്നു.
സമൂഹത്തിലെ നിരാലംബരും നിർധനരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച അഗതിരഹിത കേരളം പദ്ധതിപ്രവർത്തനങ്ങൾ നിലച്ചു. 2022 മാർച്ച് വരെ 28,23,968 രൂപ പദ്ധതിക്ക് ചെലവഴിച്ചു. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ഭക്ഷ്യവസ്തുക്കൾ വാങ്ങിയ ഇനത്തിൽ 4,33,990 രൂപയാണ് ചെലവഴിച്ചത്.
തുടർന്ന് നാളിതുവരെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. നഗരസഭയിൽ നിലവിൽ 132 ഗുണഭോക്താക്കൾ ഈ പദ്ധതി ആനുകൂല്യത്തിന് അർഹതയുള്ളവരുണ്ട്. പദ്ധതിക്കുള്ള പ്ലാൻഫണ്ട് തുക 60,32,805.50 രൂപ 2023 ഒക്ടോബറിൽ ബാങ്ക് അക്കൗണ്ടിൽ ബാലൻസുള്ളപ്പോഴാണ് ഈ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.