കോട്ടയം: നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിലെ കേടായ ഫർണസിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. അടുത്ത ദിവസം മുതൽ മൃതദേഹം ദഹിപ്പിക്കൽ പുനരാരംഭിക്കും. കഴിഞ്ഞയാഴ്ചയാണ് ശ്മശാനത്തിലെ ഫർണസ് കേടായത്. മൃതദേഹം പൂർണമായി കത്താതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഫർണസ് പ്രവർത്തനരഹിതമാണെന്ന് മനസ്സിലായത്. പിന്നീട് ഇന്ധനം ഒഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചതായി ആരോപിച്ച് പ്രതിപക്ഷം വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.
ഫർണസിന്റെ കമ്പനിയിൽനിന്നുള്ള ജീവനക്കാരെത്തിയാണ് അറ്റകുറ്റപ്പണി നടത്തിയത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ബ്ലോവറിന്റെ ബെയറിങ് കേടായതാണ് ഫർണസ് പ്രവർത്തനരഹിതമാവാൻ കാരണം. ബ്ലോവറിന്റെ ബെയറിങ് മാറ്റി. ഫർണസ് പ്രവർത്തിപ്പിക്കുകയും ചെയ്തു. രണ്ട് ഫർണസുകളാണ് ശ്മശാനത്തിലുള്ളത്. ഒരെണ്ണം നേരത്തെ തന്നെ കേടായിരുന്നു. അവശേഷിക്കുന്ന ഫർണസിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത്.
ദിവസം അഞ്ചുവരെ മൃതദേഹങ്ങൾ ദഹിപ്പിക്കാറുണ്ട് ഇവിടെ. എന്നാൽ അതനുസരിച്ച് കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ഫർണസ് കേടാവുന്നത് പതിവാണ്. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള ഏക ആശ്രയമാണ് മുട്ടമ്പലം ശ്മശാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.