കോട്ടയം: സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ ശസ്ത്രക്രിയകൾക്ക് വിധേയമാകുന്ന രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. സ്വന്തം കീശയിൽനിന്ന് പണമെടുത്ത് ചികിത്സിക്കേണ്ട ഗതികേടിലാണ് നിരവധി നിർധന രോഗികൾ. വിവിധ സൗജന്യ ചികിത്സ പദ്ധതികളിലേക്ക് സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങളും മരുന്നുകളും രോഗികളുടെ ബന്ധുക്കളെക്കൊണ്ട് വാങ്ങിപ്പിക്കുകയാണ്.
ന്യൂറോ സർജറി, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം തുടങ്ങി ശസ്ത്രക്രിയ ആവശ്യമുള്ള മുഴുവൻ വിഭാഗങ്ങളിലെയും ചികിത്സയിൽ കഴിയുന്ന നിർധനരോഗികൾ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങൾ മെഡിക്കൽ കോളജിന് നൽകിയ ഇനത്തിൽ 113 കോടിയാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് അധികൃതർ നൽകാനുള്ളത്. ഇത് നൽകാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ ഉപകരണങ്ങൾ നൽകുന്ന കാര്യത്തിൽനിന്ന് പിന്മാറിയിരിക്കുകയാണ്. സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കുന്നതനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് പണം തരാമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നുണ്ടെങ്കിലും ഫണ്ട് കൃത്യമായി കിട്ടാത്തതിനാൽ ആരും ഉപകരണങ്ങൾ നൽകാൻ തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം മരത്തിൽനിന്ന് വീണ് പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങൾ സൗജന്യമായി വാങ്ങാൻ ബന്ധപ്പെട്ട വിഭാഗത്തെ ബന്ധുക്കൾ സമീപിച്ചപ്പോഴാണ് പദ്ധതിയിൽ ഫണ്ട് ലഭ്യമല്ലാത്തതിനാൽ പണം കൊടുത്ത് വാങ്ങാൻ നിർദേശിച്ചത്. രോഗിയുടെ ബന്ധുക്കളുടെ കൈവശം പണം തികയാതിരുന്നതിനെ തുടർന്ന് ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ അവരുടെ കൈയിൽനിന്ന് പണം ശേഖരിച്ച് ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങൾ വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്.
സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കാത്തതിനാൽ നൂറുകണക്കിന് നിർധന രോഗികളാണ് കഷ്ടത അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.