കോട്ടയം: ജില്ലയിലെ പൊലീസ് സേനയിൽനിന്ന് വിരമിക്കുന്നതിന് അനുസരിച്ച് നിയമനം നടക്കാത്തത് നിലവിലുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കുന്നു. സ്ഥാനക്കയറ്റവും പാസിങ്ഔട്ട് പരേഡും കഴിയുന്നതോടെ, ഒഴിവുള്ള തസ്തികകൾ രേഖകളിൽ നികത്തപ്പെടുമെങ്കിലും പരിശീലന കാലാവധികൂടി കഴിഞ്ഞേ പുതിയ ഉദ്യോഗസ്ഥർ സ്റ്റേഷനുകളിലെത്തൂ. അവർ എത്തുന്നതുവരെ നിലവിലുള്ളവർ ജോലിഭാരം ചുമക്കണം. ഈ മാസം മാത്രം സേനയിൽനിന്ന് വിരമിച്ചത് 57 ഉദ്യോഗസ്ഥരാണ്. ഇവരിൽ 53 പേരും ഉദ്യോഗസ്ഥരാണ്. ഒരാൾ എ.എസ്.ഐയും മറ്റ് മൂന്നുപേർ സീനിയർ സിവിൽ പൊലീസ് ഓഫിസറും.
നിലവിൽ 80ഓളം ഒഴിവ് ജില്ലയിൽ ഉണ്ടായിരിക്കെയാണ് ഇത്രയും പേർ വിരമിക്കുന്നത്. എന്നാൽ, കണക്കിൽ ഈ തസ്തികകളൊന്നും ഒഴിഞ്ഞുകിടക്കുന്നുമില്ല. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ, ഒഴിവുവരുന്ന തസ്തികകൾ മുൻകൂറായി അറിഞ്ഞ് പരിശീലനം നൽകുന്ന സീറോ വേക്കൻസി സംവിധാനം ഉണ്ടായിരുന്നു. വിരമിക്കുന്നതിനു പിറ്റേന്നുതന്നെ പരിശീലനം പൂർത്തിയാക്കി തസ്തികകളിൽ ആളെത്തുമായിരുന്നു. എന്നാൽ, പിന്നീട് ഈ സംവിധാനം നിലച്ചു.
പഴയ സമ്പ്രദായം പുനഃസ്ഥാപിച്ചാൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടുന്നതും ഒഴിവാക്കാനാവും. ജോലിഭാരം പേടിച്ച് ജില്ലയിൽ നൂറിനടുത്ത് പൊലീസുകാർ അർഹതപ്പെട്ട സ്ഥാനക്കയറ്റം വാങ്ങാതെ സിവിൽ പൊലീസ് ഓഫിസർമാരായി തുടരുന്നുണ്ട്. ജോലിഭാരവും മാനസികസമ്മർദവും താങ്ങാനാവാതെ നാടുവിടലും ആത്മഹത്യയും പതിവുവാർത്തകളാവുമ്പോൾ പഴയ സീറോ വേക്കൻസി സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും സേനയിലുള്ളവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.