രണ്ടുവർഷം; രണ്ടിരട്ടി വർധിച്ച് വൃക്കരോഗികളുടെ എണ്ണം

കോട്ടയം: ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കാൻസർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽപേരെ മരണത്തിലേക്ക് നയിക്കുന്ന അസുഖമായി വൃക്കരോഗം മാറിയിരിക്കുകയാണെന്ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം തലവനുമായ ഡോ.കെ.പി. ജയകുമാർ.

വരുന്ന 20 വർഷത്തിനുള്ളിൽ ലോകത്തിലെ അഞ്ചാമത്തെ മാരക അസുഖമായി വൃക്കരോഗം മാറും. സമീപഭാവിയിൽ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകും. വൃക്കരോഗം ഏതു പ്രായത്തിലുള്ളവർക്കും പിടിപെടാം. എന്നാലും പ്രമേഹം, ഉയർന്ന രക്തസമ്മർദം, പാരമ്പര്യമായി വൃക്കരോഗമുള്ള കുടുംബാംഗങ്ങൾ, പ്രായമായവർ, പ്രമേഹവും ഉയർന്ന രക്തസമ്മർദവും പാരമ്പര്യമായി ഉള്ളവർ എന്നിവർക്ക് വൃക്കരോഗം ഉണ്ടാവാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ലോക വൃക്കദിനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയകുമാർ.

സമൂഹത്തിൽ പത്തിലൊരാൾ വൃക്കരോഗ ബാധിതനാവുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രോഗികളുടെ എണ്ണത്തിൽ രണ്ടിരട്ടിയുടെ വർധനവാണുണ്ടായത്. ഗർഭസ്ഥ ശിശു മുതൽ മുതിര്‍ന്നവർക്ക് വരെ രോഗബാധയുണ്ട്. ഇന്ത്യയിൽ 13-15 ശതമാനത്തിനും ഇടയിലാണ് ഓരോ വർഷവും രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ, ഇതിൽ 80 ശതമാനം പേർക്കും തങ്ങൾ വൃക്കരോഗബാധിതരാണെന്ന് തിരിച്ചറിയാനാവുന്നില്ലെന്നതാണ് സ്ഥിതി.

രാജ്യത്ത് ഇപ്പോൾ നാലായിരത്തോളം ഡയാലിസിസ് കേന്ദ്രങ്ങളാണുള്ളത്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ രണ്ടായിരത്തോളം സെന്‍ററുകൾ കൂടി ആരംഭിക്കേണ്ട സ്ഥിതിയാണുള്ളത്.

വീണ്ടുമൊരു വൃക്കദിനാചരണം സംഘടിപ്പിക്കുമ്പോഴും രോഗത്തെക്കുറിച്ച് കാര്യമായ അവബോധം പൊതു സമൂഹത്തിലേക്കെത്തിക്കാൻ ആവുന്നില്ലെന്നാണ് വാസ്തവം. എല്ലാ മനുഷ്യർക്കും ആരോഗ്യം, എല്ലാവർക്കും ആരോഗ്യമുള്ള വൃക്കകൾ എന്നതാണ് ഈ വർഷത്തെ ലോക വൃക്കദിനത്തിന്‍റെ പ്രമേയം.

ശരീരത്തിന്‍റെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ശരീരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും വൃക്കകൾക്ക് പങ്കുണ്ട്.

മുതിർന്നവരിൽ ഉയർന്ന രക്തസമ്മർദവും പ്രമേഹവുമാണ് വൃക്കരോഗം ഉണ്ടാവാനുള്ള കാരണങ്ങൾ. മാത്രമല്ല, അമിതമായ വേദസംഹാരികളുടെ ഉപയോഗവും വൃക്കരോഗ സാധ്യതയേറ്റുന്നുണ്ട്. താൽക്കാലികമായങ്കിലും പാമ്പുകടിയേറ്റോ, മറ്റ് അസുഖം മൂലമോ വൃക്കരോഗബാധിതനായ ഒരാൾക്ക് പിന്നീട് സ്ഥിരമായി രോഗബാധയുണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവ ഒഴിവാക്കുകയാണ് വൃക്കരോഗം വരാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്. പുകവലി ഉപേക്ഷിച്ചും ആഹാര രീതിയിൽ മാറ്റങ്ങൾ വരുത്തിയും ആരോഗ്യകരമായ ജീവിതചര്യകൾ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാവും. അമിതവണ്ണം, രക്താതിസമ്മർദം ഉള്ളവരും കുടുംബത്തിൽ വൃക്കരോഗികൾ ഉള്ളവരും ഇടക്ക് വൃക്കയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നത് ഉചിതമായിരിക്കും.

ആദ്യഘട്ടത്തിൽ തന്നെ രോഗബാധ കണ്ടെത്താനായാൽ ഒരുപരിധിവരെ സ്ഥിതി ഗുരുതരമാവുന്നത് ഒഴിവാക്കാനാവും. എന്നാൽ, ഗുരുതരമായ സ്ഥിതിയിലേക്കെത്തുന്നവരിൽ ഡയാലിസിസും വൃക്കമാറ്റിവെക്കലും മാത്രമാണ് പോംവഴി. ഇതിൽ തന്നെ ഡയാലിസിസ് ജീവൻ രക്ഷോപാധി എന്ന് പറയാനാവില്ല. ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുക എന്ന പ്രക്രിയ മാത്രമാണിത്. വൃക്കമാറ്റിവെക്കലിനുള്ള ഭീമമായ ചികിത്സചെലവ് രോഗികളെ ഏറെ തളർത്തുന്ന സ്ഥിതിയാണെന്നും ഡോക്ടർ പറയുന്നു.

Tags:    
News Summary - number of kidney patients has doubled in Two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.