കോഴിവിലയിൽ വൻകുതിപ്പ്, വിൽപനയിൽ ഇടിവ്

കോട്ടയം: കോഴിവിലയിൽ വൻകുതിപ്പ്. വ്യാഴാഴ്ച കോട്ടയം നഗരത്തിൽ ഇറച്ചിക്കോഴി കിലോക്ക് 155 രൂപയായിരുന്നു വില. ക്രൈസ്തവരുടെ വലിയനോമ്പ് ആരംഭിക്കുമ്പോൾ കോഴി വിലയിൽ ഇടിവുണ്ടാകുന്നതാണ് പതിവ്.

എന്നാൽ, നോമ്പ് ആരംഭിച്ചിട്ടും ഇത്തവണ വില കുതിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ 30 രൂപയിലധികമാണ് കൂടിയത്. ദിവസങ്ങൾക്കുമുമ്പ് 137 രൂപ മാത്രമായിരുന്നതാണ് കഴിഞ്ഞദിവസം 150 കടന്നത്. ബുധനാഴ്ച ഇത് 152ലെത്തി.

പലയിടങ്ങളിലും ഇറച്ചിക്കോഴിക്ക് തോന്നുന്ന വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കുടുംബശ്രീയുടെ കേരള ചിക്കനിൽ വിലകുറവുണ്ടെങ്കിലും എല്ലായിടത്തും കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ വില പിടിച്ചുനിർത്താനാകുന്നില്ല. കോഴിക്ഷാമമാണ് വിലവർധനക്ക് കാരണമെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു. ചൂട് വര്‍ധിച്ചതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള ഇറച്ചിക്കോഴിയുടെ വരവ് കുറഞ്ഞു. എന്നാൽ, വൻകിട വ്യാപാരികൾ ആസൂത്രിതായി വില ഉയർത്തുകയാണെന്നും ആക്ഷേപമുണ്ട്.

ഇത് നിഷേധിക്കുന്ന ഇവർ കോഴിത്തീറ്റ വില വർധനയാണ് കാരണമായി പറയുന്നത്. കോഴിത്തീറ്റ വില വർധനയെതുടർന്ന് തമിഴ്നാട്ടിലെ പല വലിയ ഫാമുകളും പൂട്ടി. സംസ്ഥാനത്തും നഷ്ടത്തിലായ ഫാമുകൾ പൂട്ടി. ഇതോടെ കോഴി ലഭ്യത കുറഞ്ഞു. ഇതാണ് വില ഉയരാൻ കാരണമെന്ന് ഇവർ പറയുന്നു. ആറുമാസത്തിനുള്ളിൽ ചാക്കൊന്നിന് 1300 രൂപയിൽനിന്ന് 2250 രൂപവരെയായാണ് കാലിത്തീറ്റ വില കൂടിയത്.

കോഴിവില ഉയർന്നതോടെ വിൽപന നാമമാത്രമായതായി ചെറുകിട കച്ചവടക്കാർ പറയുന്നു. ചൂട് കൂടിയതോടെ പൊതുവെ വിൽപന ഇടിഞ്ഞിരുന്നു. ഇതിനിടെയാണ് വിലയിലും വർധനയുണ്ടായത്.

ഇതോടെ കച്ചവടം നിശ്ചലമായ സ്ഥിതിയാണെന്ന് ഇവർ പറയുന്നു. പ്രാദേശിക കോഴിഫാമുകള്‍ ഇല്ലാതായതും തിരിച്ചടിയായെന്ന് ഇവർ പറയുന്നു. ജില്ലയിലടക്കം ഫാമുകൾ നിലനിന്നിരുന്നെങ്കിലും നഷ്ടത്തെത്തുടര്‍ന്ന് പലതും പൂട്ടി. അവശേഷിക്കുന്നവയില്‍ ഭൂരിഭാഗത്തിന്‍റെയും നിയന്ത്രണം തമിഴ് ലോബി ഏറ്റെടുത്തിരിക്കുകയാണ്.

ഇതിനിടയിലും സ്വന്തമായി വളര്‍ത്തുന്നവര്‍ പരിപാലന ചെലവ് വർധിച്ചതോടെ പിന്തിരിയാനുള്ള ഒരുക്കത്തിലാണ്. തമിഴ്‌നാട്ടില്‍ നിന്നുമെത്തിക്കുന്ന കോഴിക്കുഞ്ഞിന്‍റെ വിലയില്‍ മാത്രം ഇരട്ടി വര്‍ധനയുണ്ടായതായി കര്‍ഷകര്‍ പറയുന്നു. നേരത്തേ 15-20 രൂപയുണ്ടായിരുന്നു കോഴിക്കുഞ്ഞുങ്ങൾക്ക് 35 രൂപയാണ് ഈടാക്കുന്നത്. ഏതാനും മാസം മുമ്പ് ഇറച്ചിക്കുള്ള കോഴിയുടെ വില 100ലേക്ക് താഴ്ന്നിരുന്നു. പിന്നീട് 110- 120 രൂപയില്‍ എത്തി. ഇതിനിടെ, കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ് വരുകയും വിവാഹവും മറ്റ് സല്‍ക്കാര പാര്‍ട്ടികളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തതോടെ വിലയിലും 'ഉണർവായി'.

വലിയ നോമ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി വിവാഹമുള്‍പ്പെടെ ആഘോഷങ്ങള്‍ കൂടുതലായി ഈ ദിവസങ്ങളില്‍ നടക്കുന്നതും ഇറച്ചിക്കോഴിയുടെ ഡിമാൻഡ് വര്‍ധിപ്പിച്ചു. ഇതിനുശേഷം വിലയിൽ ഇടിവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കണക്കുകൂട്ടലുകൾ തെറ്റിച്ച് പറന്നുയരുകയാണ് കോഴിവില.

Tags:    
News Summary - Poultry prices soar, sales plummet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.