കോട്ടയം: നഗരസഭയിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് മുന്നേറ്റം. ജോസ് വിഭാഗത്തിെൻറ പിന്തുണയിൽ വൻനേട്ടമുണ്ടാക്കിയെന്ന എൽ.ഡി.എഫ് അവകാശവാദത്തിനിടെയാണ്, ആറിൽ അഞ്ച് നഗരസഭയിലും യു.ഡി.എഫ് ഭരണത്തിലെത്തിയത്.
കോട്ടയം, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, വൈക്കം നഗരസഭകളുടെ ഭരണം യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ പാലായിലാണ് എൽ.ഡി.എഫ് വിജയം. പാലായിൽ 58 വർഷങ്ങൾക്കിടെ ആദ്യമായാണ് എൽ.ഡി.എഫ് ഭരിക്കുന്നത്.
തെരഞ്ഞെടുപ്പിനു പിന്നാലെ ഈരാറ്റുപേട്ടയില്‍ മാത്രമായിരുന്നു യു.ഡി.എഫിന് ഭരണം ഉറപ്പായിരുന്നത്. ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെല്ലാം സ്വതന്ത്രരുടെ നിലപാടായിരുന്നു നിർണായകം. ഇവിടങ്ങളിലെല്ലാം യു.ഡി.എഫിന് അധികാരത്തിലെത്താനായി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ തിരിച്ചടിക്ക് നഗരസഭകളിലെ ആധിപത്യത്തിലൂടെ താൽക്കാലിക പരിഹാരം കണ്ടിരിക്കുകയാണ് യു.ഡി.എഫ്. ജില്ല കോൺഗ്രസ് നേതൃത്വത്തിന് ഈ വിജയം ആശ്വാസവുമായി.
അഴിച്ചുപണി ഭീഷണികൾക്കിടെ പിടിവള്ളിയുമാണ് നഗരസഭയിലെ മേധാവിത്വം. കോട്ടയത്ത് ഏക സ്വതന്ത്രയായ വിമതയെ ഒപ്പം ചേർത്ത് ഭരണം സ്വന്തമാക്കിയേപ്പാൾ ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് വിമതരെയും സ്വതന്ത്രരെയും ഒപ്പം കൂട്ടി യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. വൈക്കത്ത് സ്വതന്ത്രരുടെ വിട്ടുനിൽക്കാനുള്ള തീരുമാനവും യു.ഡി.എഫിന് ഗുണമായി. ചങ്ങനാശ്ശേരിയില്‍ സ്വതന്ത്രയെ ചെയർപേഴ്സനാക്കിയാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. സ്വതന്ത്ര അംഗം സന്ധ്യ മനോജ് ചെയര്‍പേഴ്സനും കോണ്‍ഗ്രസ് വിമതന് ബെന്നി ജോസഫ് വൈസ് ചെയര്‍മാനുമായി.
കഴിഞ്ഞ തവണ ചെയർമാൻ തെരഞ്ഞെടുപ്പിൽ ൈവക്കവും ഈരാറ്റുപേട്ടയുമായിരുന്നു എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. പിന്നീട് ഈരാറ്റുപേട്ടയുടെ ഭരണം യു.ഡി.എഫ് സ്വന്തമാക്കിയിരുന്നു. ഇതോടെ ൈവക്കം മാത്രമായിരുന്നു എൽ.ഡി.എഫ് ഭരണത്തിൽ. ഇത്തവണ വൈക്കം യു.ഡി.എഫ് പിടിച്ചപ്പോൾ പാലാ മാത്രമാണ് എൽ.ഡി.എഫിനൊപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.