കോട്ടയം: ഏപ്രിലിലെ പി.എഫിൽ ലയിപ്പിക്കേണ്ട ശമ്പള പരിഷ്കരണ കുടിശ്ശിക ആദ്യ ഗഡു മരവിപ്പിച്ചതിനെതിരെ എം.ജി സർവകലാശാലയിൽ ജീവനക്കാർ പ്രകടനം നടത്തി. 2019 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളകുടിശ്ശിക മരവിപ്പിച്ച സർക്കാർ ഉത്തരവ് വഞ്ചനാപരമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപെട്ട സർവകലാശാലക്ക് ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയിരുന്ന നോൺ പ്ലാൻ ഗ്രാൻറിൽനിന്ന് 16.3 കോടി രൂപ നൽകാതിരുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
മാർച്ചിലെ ശമ്പളത്തിനും പെൻഷനുമായുള്ള ഫണ്ട് റിക്വസ്റ്റ് പണമില്ല എന്ന കാരണത്താൽ കഴിഞ്ഞദിവസം ധനകാര്യ വകുപ്പ് മടക്കിയിരുന്നതായും നേതാക്കൾ പറഞ്ഞു. പ്രതിഷേധയോഗം എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. പ്രമോദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. മഹേഷ്, എസ്. സുജ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ വി.എസ്. ഗോപാലകൃഷ്ണൻ നായർ, എൻ.എസ്. മേബിൾ, കെ.ബി. പ്രദീപ്, സവിത രവീന്ദ്രൻ, വി.ആർ. ഗായത്രി, ജിജോ ജോർജ്, ജെ. ഐസക്, അർച്ചന എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.