കോട്ടയം: രാജധാനി ഹോട്ടൽ കെട്ടിടത്തിലെ അനധികൃത കോൺക്രീറ്റ് നിർമിതികൾ പൊളിച്ചുനീക്കാനുള്ള കൗൺസിൽ തീരുമാനം പ്രഹസനമായി. ലോട്ടറിക്കടയിലെ ജീവനക്കാരന്റെ മരണം സംഭവിച്ച് രണ്ടു മാസമാവുമ്പോഴും ഒന്നും നടപ്പായില്ല. കഴിഞ്ഞ ആഗസ്റ്റ് 17നാണ് തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ടൽ കെട്ടിടത്തിലെ ജനാലയിൽ മോടിപിടിപ്പിക്കാൻ സ്ഥാപിച്ച നിർമിതി വീണ് ചങ്ങനാശ്ശേരി സ്വദേശി ജിനോ മരിച്ചത്. കെട്ടിടത്തിനു താഴെയുള്ള ലോട്ടറിക്കടയിലെ ജീവനക്കാരനായിരുന്ന ജിനോ കട അടച്ച് പുറത്തിറങ്ങി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റിയും കൗൺസിലും ചേർന്ന് രണ്ടുദിവസത്തിനകം നിർമിതികൾ പൊളിക്കാൻ തീരുമാനിച്ചു. ഇതിന് ഒന്നരലക്ഷം രൂപയുടെ എസ്റ്റിമേറ്റും എൻജിനീയറിങ് വിഭാഗം തയാറാക്കിയിരുന്നു. കരാർ ഏറ്റെടുത്തയാൾ നിർമിതികൾ പൊളിക്കാൻ തട്ട് അടിച്ച് പണിയും ആരംഭിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിനു സമീപത്തുകൂടി 11 കെ.വി ലൈൻ കടന്നുപോവുന്നതിനാൽ ഓഫാക്കാതെ പണി ചെയ്യാൻ കഴിയുമായിരുന്നില്ല. കെ.എസ്.ഇ.ബിയാണ് അതിനുവേണ്ട നടപടിയെടുക്കേണ്ടത്. എന്നാൽ, ഇതിന് നഗരസഭ മുൻകൈ എടുക്കാതെ വന്നതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു. വിഷയം ജനം മറന്നതോടെ അധികൃതരും കണ്ണടച്ചു. നഗരത്തിലെ ഏറ്റവും തിരക്കുള്ള മേഖലയിലാണ് തലക്കുമീതെ അപകടക്കെണിയൊരുക്കി അലങ്കാര നിർമിതികൾ നിൽക്കുന്നത്. പത്തെണ്ണമാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം തകർന്നു വീണു. ബാക്കി ഒമ്പതെണ്ണമാണ് പൊളിക്കാനുള്ളത്. നഗരസഭയുടെ മുന്നിലാണ് ഈ കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.