കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലും പരിസരത്തും വിശപ്പിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ലയെന്ന ലക്ഷ്യവുമായി 'വിശക്കുന്ന വയറിന് ഒരുപൊതി ആഹാരം' പദ്ധതിയൊരുക്കിയ ഇരുപത്തിയാറാംമൈല്‍ വലിയകുന്നത്ത് വീട്ടില്‍ വി.എ. ഷാജി, പാറത്തോട് മുക്കാലി സ്വദേശി ഷാ നിവാസില്‍ അന്‍ഷാദ് ഇസ്മായില്‍ എന്നിവരുടെ കൂട്ടായ്മ അഞ്ചാം വയസ്സിലെത്തി.
മേഖലയിലെ അഗതി മന്ദിരങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോഴും തടസ്സങ്ങളൊന്നുമില്ലാതെ അവര്‍ മുന്നേറുകയാണ്.10 വീതം പൊതിച്ചോറുകള്‍ വീട്ടില്‍ തയാറാക്കി തുടങ്ങിയ കരുതല്‍ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇന്ന് 450 പൊതിച്ചോറുകളും 120 പ്രഭാതഭക്ഷണ പൊതികളും എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഇവര്‍ അനാഥര്‍ക്കായി എത്തിച്ചുനല്‍കുന്നു.
ഷാജി കാഞ്ഞിരപ്പള്ളിയില്‍ സ്‌പെയര്‍പാർട്‌സ് കട നടത്തുന്നു. അന്‍ഷാദ് ഇസ്മായില്‍ ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സനായി ജോലിചെയ്യുന്നു.അഞ്ചുവര്‍ഷം മുമ്പാണ് നന്മയുടെ പൊതിച്ചോറിലേക്കുള്ള ഇവരുടെ തുടക്കം. വഴിയരികില്‍ വിശപ്പ് സഹിക്കാതെ മണ്ണുവാരി ഭക്ഷിക്കുന്ന ഒരു മനോരോഗിയെ കണ്ട ഷാജി സ്‌കൂളില്‍ പോകുന്ന മകന്‍റെ ഭക്ഷണപ്പൊതിയെടുത്ത് നല്‍കുകയും ഈ കാര്യം തന്റെ ഉറ്റസുഹൃത്തായ അന്‍ഷാദിനോട് പങ്കുവെക്കുകയും ചെയ്തു, തുടർന്നാണ് മാസത്തില്‍ ഒരുദിവസമെങ്കിലും അശരണര്‍ക്ക് ഭക്ഷണമെത്തിക്കാൻ അവര്‍ തീരുമാനിച്ചത്.
ഇതിന് കുടുംബാംഗങ്ങളുടെ പരിപൂര്‍ണ സഹകരണവും കിട്ടിയപ്പോള്‍ 'വിശക്കുന്ന വയറിന് ഒരു പൊതിയാഹാരം' ആശയം യാഥാർഥ്യമാവുകയായിരുന്നു. ഇവർക്കൊപ്പം ചേനപ്പാടി സ്വദേശി ജയന്‍ ജോസഫും അമല്‍ജ്യോതി കോളജിലെ അധ്യാപകനായ റോണി എന്നിവര്‍കൂടി ഭാഗമാകുകയും മറ്റു സുഹൃത്തുക്കളും ഒപ്പംചേര്‍ന്നതോടെ എല്ലാമാസവും 570ഓളം വിശക്കുന്ന വയറിന്റെ ഒരുനേരത്തെ വിശപ്പ് തീര്‍ക്കുവാന്‍ ഇവരെക്കൊണ്ട് സാധിക്കുന്നു.
ഈ പൊതിച്ചോറുകള്‍ ശേഖരിക്കുന്നതിനും അര്‍ഹരില്‍ എത്തിക്കുന്നതിനും അസ്ലം ഷാജിയും ആഷിഫ് ഷാജിയും വളന്‍റിയേഴ്‌സായി മുന്നിലുണ്ട്.കാഞ്ഞിരപ്പള്ളി ബത്‌ലഹേം ഭവന്‍, ഇഞ്ചിയാനി സ്‌നേഹദീപം, കുന്നുംഭാഗം സാന്‍ജിയോ ഭവന്‍ ആശ്രമം, നല്ല ശമരിയാന്‍ ആശ്രമം എന്നിവിടങ്ങളിലും വഴിയോരങ്ങളില്‍ കാണുന്ന ഏതൊരു അര്‍ഹതപ്പെട്ടവര്‍ക്കും ഇവര്‍ ഭക്ഷണം എത്തിക്കുന്നു. തങ്ങളുടെ കൂട്ടായ്മ നിലക്കാതെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.