കൂരാലി: പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളം പള്ളിക്കവലയിൽ തകർന്നുകിടക്കുന്ന കാത്തിരിപ്പുകേന്ദ്രം സമീപത്തെ സെന്റ് മേരീസ് എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. നവംബറിൽ വാഹനമിടിച്ച് തകർന്ന കാത്തിരിപ്പുകേന്ദ്രത്തിന്റെ ഷീറ്റും കമ്പികളും ഉൾപ്പെടുന്ന ഭാഗം സ്കൂൾ മതിലിന് മുകളിലൂടെ വളപ്പിലേക്കാണ് കിടക്കുന്നത്.
സ്കൂൾ മുറ്റത്തുകൂടെ സഞ്ചരിക്കുന്ന കുട്ടികൾക്ക് ഇത് അപകടഭീഷണിയാണ്. സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് പഞ്ചായത്ത് ഓഫിസിലും പൊലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിട്ടും പരിഹാരമായില്ല.
കാത്തിരിപ്പുകേന്ദ്രം തകർന്നിട്ട് നഷ്ടപരിഹാരം പൂർണമായി ഈടാക്കിയിട്ടും പൊതുമരാമത്ത് വകുപ്പ് പുനർനിർമിക്കാൻ നടപടി സ്വീകരിച്ചില്ല. ഇളങ്ങുളം പള്ളി, എൽ.പി സ്കൂൾ, ഹൈസ്കൂൾ, മൃഗാശുപത്രി, ആയുർവേദ ആശുപത്രി എന്നിവയുള്ള കവലയിൽ എപ്പോഴും യാത്രക്കാരുടെ തിരക്കാണ്. ഇവരെല്ലാം മഴക്കാലത്ത് നനഞ്ഞ് നിൽക്കേണ്ട ഗതികേടിലാണ്.
എതിർവശത്ത് പൊൻകുന്നം ഭാഗത്തേക്ക് യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രവും അപകടനിലയിലായിട്ടും പരിഹരിക്കാൻ നടപടിയില്ല.
സ്കൂളുകൾ പ്രവർത്തിക്കുന്ന കവലയിൽ മുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണ നിർദേശ ബോർഡുകളും സ്ഥാപിക്കാത്തതും അപകടസാധ്യത കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.