കോട്ടയം: തിരുവനന്തപുരത്തേക്ക് ട്രെയിനുകൾ ഏറെയുണ്ടെങ്കിലും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്. സ്റ്റേഷനിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ വൈകീട്ട് 3.12ന് കടന്നുപോകുന്ന പരശുറാം എക്സ്പ്രസാണ്.
പുലർച്ച മുതൽ തിരുവനന്തപുരം ഭാഗത്തേക്ക് നിരവധി ട്രെയിനുകൾ ഏറ്റുമാനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഒന്നിനുപോലും ഇവിടെ സ്റ്റോപ്പില്ല. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന മലബാർ, വഞ്ചിനാട് എക്സ്പ്രസുകളും ഏറ്റുമാനൂരിൽ നിർത്തുന്നില്ല. ഈ ട്രെയിനുകളിൽ കോട്ടയത്തുനിന്ന് യാത്ര ചെയ്യുന്നതിൽ ഏറിയപങ്കും ഏറ്റുമാനൂർ പരിസരനിവാസികളാണ്. ഇവരെല്ലാം ഏറ്റുമാനൂരിൽനിന്ന് കോട്ടയം സ്റ്റേഷനിലെത്തിയാണ് ട്രെയിൻ പിടിക്കുന്നത്. മലബാർ, വഞ്ചിനാട് ട്രെയിനുകൾക്ക് കണക്ഷൻ ലഭിക്കുന്ന വിധം മെമു-പാസഞ്ചർ സർവിസുകൾ ഇല്ലാത്തതിനാൽ ബസുകളാണ് ഇവരുടെ ആശ്രയം.
സംസ്ഥാനത്തിനകത്ത് മാത്രം സർവിസ് നടത്തുന്ന വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. പുലർച്ച 6.15നാണ് തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നത്. രാത്രി 9.20ന് ഏറ്റുമാനൂരിലൂടെ മടങ്ങുന്നത്. ഓഫിസ്, ആശുപത്രി ആവശ്യങ്ങൾക്കായി തലസ്ഥാന നഗരിയെ ആശ്രയിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയക്രമത്തിലാണ് വഞ്ചിനാട് ഇരുദിശയിലേക്കും സർവിസ് നടത്തുന്നത്.
ശ്രീചിത്തിര, ആർ.സി.സിപോലുള്ള ആശുപത്രികളിലേക്ക് ചികിത്സക്ക് പോകുന്നവരും ഏറെയാണ്. പാലാ, ഈരാറ്റുപേട്ട, പേരൂർ, നീണ്ടൂർ, ആർപ്പൂക്കര, മാന്നാനം, കിടങ്ങൂർ, അയർകുന്നം, കല്ലറ, വയല, മണർകാട് എന്നിവിടങ്ങളിൽനിന്ന് ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് ഗതാഗതക്കുരുക്കുകളൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ എത്തിച്ചേരുന്നതിനും സാധിക്കും. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയുടെ കവാടമാണ് ഏറ്റുമാനൂർ.
എറണാകുളം ജങ്ഷൻ മുതൽ കായംകുളംവരെ വഞ്ചിനാട് മിക്ക സ്റ്റേഷനുകളിലും ഷെഡ്യൂൾ സമയത്തിനും മുമ്പേ എത്തിച്ചേരുന്നുണ്ട്. ഐലൻഡ് പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ ഏറ്റുമാനൂരിൽ ട്രെയിൻ നിർത്തിയെടുക്കുന്നതിനുള്ള സമയനഷ്ടം ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്താതെ സർവിസ് തുടരാവുന്നതാണെന്ന് യാത്രക്കാർ പറയുന്നു.
ഈ ആവശ്യം ഉന്നയിച്ച് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് അനൂപ് ഐസക്കിന് നിവേദനം നൽകി. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി വലിയരീതിയിലുള്ള വികസന പ്രവർത്തനം നടക്കുന്ന ഏറ്റുമാനൂരിൽനിന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുള്ള വർഷങ്ങളായുള്ള യാത്രാദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു. ജില്ലയിലെ ഏറ്റവും മികച്ചതും വിപുലവുമായ പാർക്കിങ് സൗകര്യങ്ങളോട് കൂടിയ സ്റ്റേഷനാണ് ഇപ്പോൾ ഏറ്റുമാനൂർ. എം.ജി സർവകലാശാല, മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി, ഏറ്റുമാനൂർ ക്ഷേത്രം, അതിരമ്പുഴ പള്ളി, മാന്നാനം ചാവറ പള്ളി, അൽഫോൻസ തീർഥാടനകേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ആശ്രയിക്കാൻ കഴിയുന്ന സ്റ്റേഷൻ കൂടിയാണിത്.
യാത്രക്കാർ ഏറെ ആശ്രയിക്കുന്ന എക്സ്പ്രസ് മെമുവിനും ഏറ്റുമാനൂരിൽ സ്റ്റോപ് പരിഗണിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എം.ജി സർവകലാശാലയുടെ രണ്ട് ബസുകൾ റെയിൽവേ സ്റ്റേഷനിൽനിന്ന് ദിവസവും ഈ സമയങ്ങളിൽ യാത്രക്കാർക്കായി സജ്ജീകരിച്ചിട്ടുണ്ട്. എക്സ്പ്രസ് മെമു നിർത്തിയാൽ ഇവർക്ക് ഏറെ പ്രയോജനകരാകും. ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതിനിധികളായ അജാസ് വടക്കേടം, ശ്രീജിത് കുമാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.