കോട്ടയം: കസ്റ്റഡിയിലുള്ള ഗുണ്ടാനേതാവിനെ രക്ഷിക്കാൻ പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ആർപ്പൂക്കര കൊപ്രായിൽ ജയിസ്മോൻ ജേക്കബിനെ (അലോട്ടി-29) രക്ഷപ്പെടുത്താനാണ് ഗുണ്ടാസംഘം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവത്തിൽ അലോട്ടിയുടെ സന്തത സഹചാരി ആർപ്പൂക്കര വില്ലൂന്നി ചിലമ്പത്തുശ്ശേരി റൊണാൾഡോയേയാണ് (ടുട്ടു-18) കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.എസ്. വിജയൻ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന അലോട്ടിയെ, ഇയാളുടെ അഭ്യർഥനപ്രകാരം കോട്ടയം ജില്ല ജയിലിലേക്ക് മാറ്റുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. അലോട്ടിയെയുമായി പൊലീസ് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയതോടെ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു.
അലോട്ടിക്ക് സുരക്ഷ ഒരുക്കാൻ ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ് രാജിനും പ്രദീപിനും പരിക്കേറ്റു. എന്നാൽ, അലോട്ടി രക്ഷപ്പെടാൻ ഇവർ അനുവദിച്ചില്ല. കൂടുതൽ പൊലീസെത്തി ഇയാളെ സബ് ജയിലിലേക്ക് മാറ്റി. പ്രതികൾക്കായി അന്വേഷണമാരംഭിച്ച പൊലീസ്, സംഘത്തിൽ റൊണാൾഡോയുണ്ടെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
വെസ്റ്റ് എസ്.ഐ റിൻസ് എം.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ. സജീവ്, കെ.ആർ. ബൈജു, കെ.എം. ഷിജിമോൻ, ഗ്രേസ് മത്തായി, സിവിൽ പൊലീസ് ഓഫിസർ ലിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.