കോട്ടയം: പച്ചക്കറി മാർക്കറ്റിലെ മാലിന്യനീക്കത്തിന് പുതിയ സംവിധാനവുമായി കോട്ടയം നഗരസഭ. മാലിന്യ സംസ്കരണത്തിന് സ്ഥിരംസംവിധാനം ഏർപ്പെടുത്തുന്നതുവരെ പച്ചക്കറി മാർക്കറ്റിലെ മാലിന്യം നീക്കംചെയ്യാൻ വി-കെയർ എന്ന ഏജൻസിക്ക് നഗരസഭ കരാർ നൽകി.
കഴിഞ്ഞദിവസം മുതൽ ഇവരുടെ നേതൃത്വത്തിൽ മാലിന്യനീക്കം തുടങ്ങി. ഇതിനൊപ്പം കോടിമത എം.ജി റോഡിലെ മാലിന്യവും നീക്കം ചെയ്തു. ലീഗൽ സർവിസസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് അതിവേഗ നടപടി. നേരത്തേ കോടിമത മാലിന്യപ്രശ്നത്തിൽ സർക്കാർ സംവിധാനങ്ങൾക്കും ജില്ല കലക്ടർക്കും നഗരസഭക്കും വീഴ്ചവന്നതായി ലീഗൽ സർവിസ് അതോറിറ്റി കണ്ടെത്തിയിരുന്നു.
അടുത്ത അദാലത്തിനുമുമ്പ് പരിഹാരനടപടിക്ക് നിർദേശവും നൽകിയിരുന്നു. ഇതിനെതുടർന്നാണ് നഗരസഭയുടെ നടപടി. ഇക്കാര്യം രേഖാമൂലം അതോറിറ്റിയെ നഗരസഭ സെക്രട്ടറി അറിയിച്ചു. മത്സ്യമാർക്കറ്റിന് സമീപത്ത് വ്യാപാരികൾ ഉപേക്ഷിച്ചിരുന്ന തെർമോക്കോൾ പെട്ടികൾ പൂർണമായും നീക്കം ചെയ്തതായും നഗരസഭ ലീഗൽ സർവിസസ് അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇത് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. തെർമോക്കോൾ പെട്ടികളുടെ ഉപയോഗവും വലിച്ചെറിയലും നിരോധിച്ചുകൊണ്ട് മത്സ്യമാർക്കറ്റിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പച്ചക്കറി മാർക്കറ്റിന് എതിർവശത്ത് മാലിന്യം നീക്കംചെയ്ത സ്ഥലത്ത് മണ്ണടിച്ച് നിരത്തി ചെടികൾ പിടിപ്പിച്ച് സൗന്ദര്യവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എം.ജി റോഡിന്റെ ഇരുവശങ്ങളിലും ഹോട്ടൽ മാലിന്യവും മറ്റും രാത്രിയിൽ അനധികൃതമായി നിക്ഷേപിക്കുന്നത് തടയുന്നതിന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ രാത്രി സ്ക്വാഡുകൾ ഏർപ്പെടുത്തുകയും തൊഴിലാളികളെ ഉപയോഗിച്ച് രാത്രികാല നിരീക്ഷണം നടത്തിവരുന്നതായും നഗരസഭ അറിയിച്ചു. രാത്രി പെട്രോളിങ് ആവശ്യപ്പെട്ട് കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒക്ക് കത്ത് നൽകി. കോടിമത എം.സി.എഫിൽ കെട്ടിക്കിടന്നിരുന്ന 58,000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കി. ഇത് ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
പച്ചക്കറി മാർക്കറ്റിന് സമീപം എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റിന്റെ അറ്റക്കുറ്റപ്പണി നടന്നുവരികയാണെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിന് 42 നോട്ടീസുകൾ നൽകിയതായും 93,100 രൂപ പിഴ ഈടാക്കിയതായും നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.