കാട് ചുരുങ്ങുകയും വന്യമൃഗങ്ങൾ നാട് കൈയേറിത്തുടങ്ങുകയും ചെയ്യുന്ന പ്രതിസന്ധിക്കാണ് വനയോര മേഖലകൾ സാക്ഷ്യംവഹിക്കുന്നത്. കേട്ടറിവ് മാത്രമുണ്ടായിരുന്ന കരടിയെ വീട്ടുമുറ്റത്ത് കണ്ടതിെൻറ ആശ്ചര്യം കൊമ്പുകുത്തി നിവാസികളില്‍നിന്ന് മാറിയിട്ടില്ല. നാട്ടിലെത്തിയ കരടി ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. ഒരു ദിവസത്തിനുശേഷം വനപാലകർ ഇതിനെ പുറത്തെടുത്തെങ്കിലും ചത്തു.
ഇത്തരത്തിൽ നിരവധി കാട്ടുമൃഗങ്ങളാണ് ഇപ്പോൾ നാട്ടിൻപുറങ്ങളിലേക്കെത്തുന്നത്. കാട്ടുപന്നിയുടെ ശല്യം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സ്ഥിരമായിരുന്നു. എന്നാലിപ്പോൾ വനത്തിൽനിന്ന് 50 കിലോമീറ്ററോളം അകലയുള്ള പാമ്പാടിയിലേക്ക് പോലും കാട്ടുപന്നിയെത്തുന്നു. പാമ്പാടി പഞ്ചായത്തിലെ കല്ലേപ്പുറത്തും ചിങ്ങംകുഴിയിലും വ്യാപകമായി അടുത്തിടെ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കുറ്റിക്കല്ല്, കന്നുവെട്ടി എന്നിവിടങ്ങളിലും കാട്ടുപന്നികളെ നാട്ടുകാർ കണ്ടു.
കാട്ടുപോത്ത് മുതൽ കുറുക്കൻവരെ നാട്ടിൽ
കാട്ടുപോത്തും കുരങ്ങും കുറുക്കനും മയിലും ഇപ്പോൾ നാട്ടിൻപുറങ്ങളിലുണ്ട്. കോരുത്തോട്- എരുമേലി പഞ്ചായത്തുകളിലാണ് കാട്ടുപോത്തിെൻറ സാന്നിധ്യം കൂടുതൽ. മണിമല മുതൽ തോട്ടയ്ക്കാട് വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി കുറക്കനെ കാണുന്നുണ്ട്. കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യവും രൂക്ഷമാണ്. മയിലിെൻറ സാന്നിധ്യമുണ്ടെങ്കിലും കൃഷി നശിപ്പിച്ചിട്ടില്ല. വന്യമൃഗങ്ങൾ ആക്രമകാരികളാകുന്നത് നാട്ടുകാരിൽ ഭീതി വിതക്കുകയാണ്.
കാട്ടുപന്നികളാണ് പലപ്പോഴും അക്രമകാരികളാകുന്നത്. വനംവകുപ്പിെൻറ എരുമേലി റേഞ്ചിന് കീഴിൽ 14 പേർക്കാണ് കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കർഷകർ വിതക്കും അവർ കൊയ്യും
കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റതിനും കൃഷിനാശം സംഭവിച്ചതിനും നഷ്്ടപരിഹാരം തേടി 150 ഓളം അപേക്ഷകളാണ് എരുമേലി റേഞ്ച് ഓഫിസിൽ ലഭിച്ചിരിക്കുന്നത്. അപേക്ഷകളുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി നഷ്്ടം കണക്കാക്കിയാണ് നഷ്്ടപരിഹാരം നിശ്ചയിക്കുന്നത്. കപ്പ, തെങ്ങ്, വാഴ കുലച്ചത്, കുലയ്ക്കാത്തത് മറ്റ് കൃഷികൾ ഇങ്ങനെ തരംതിരിച്ചാണ് നഷ്്ടപരിഹാര തുക കണക്കാക്കുന്നത്. എന്നാൽ, കാട്ടുമൃഗങ്ങള്‍ മൂലം കൃഷിനാശം ഉണ്ടാകുന്ന കര്‍ഷകര്‍ക്ക നല്കുന്ന നഷ്പരിഹാരം നാമമാത്രമാണെന്ന് ആക്ഷേപമുണ്ട്. അടുത്തിടെ തുകയില്‍ കുറവു വരുത്തിയതും കർഷകർക്ക് കനത്ത തിരിച്ചടിയായി. നഷ്്ടപരിഹാര തുകക്കായി ഏറെക്കാലം കാത്തിരിക്കേണ്ടിവരുന്നതായും പരാതിയുണ്ട്. ഇതിനെ പരിഹാരമെന്താണ് കർഷകരുടെ ചോദ്യം.
പ്രളയത്തിനൊപ്പം കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്
വനാതിർത്തികളുടെ പുറത്തേക്കും കാട്ടുപന്നികളെ എത്തിച്ചത് പ്രളയമാണെന്നാണ് വിലയിരുത്തൽ. വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ ഇവ മറ്റ് പഞ്ചായത്തുകളിലും പെറ്റുപെരുകുകയായിരുന്നു. വെട്ടാതെ കാടുപിടിച്ചുകിടക്കുന്ന റബർ തോട്ടങ്ങളെല്ലാം പന്നികളുടെ വിഹാര കേന്ദ്രമാണ്. കൂട്ടമായി എത്തുന്ന പന്നികൾ കപ്പ, ചേമ്പ്, കാച്ചിൽ എന്നിവയെല്ലാം കുത്തിനശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. പടക്കം പൊട്ടിച്ചും നിറമുള്ള തോരണങ്ങൾ വലിച്ചുകെട്ടിയും കൃഷിയിടത്തിൽ കാവലിരുന്നും പന്നിയെ തുരത്താൻ കർഷകർ ശ്രമിക്കാറുണ്ടെങ്കിലും വിജയിക്കാറില്ല.
ശബരിമല ഉള്‍പ്പെടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വനത്തിൽ 2002ൽ നടത്തിയ കണക്കെടുപ്പില്‍ 422 കാട്ടുപന്നികളുണ്ടെന്നായിരുന്നു കണക്ക്. എന്നാൽ, ഇവയുടെ എണ്ണം ഇപ്പോൾ കുതിച്ചുയർന്നിരിക്കുകയാണ്. കടുവ-32, പുള്ളിപുലി-എട്ട്, കാട്ടുനായ്ക്കള്‍- 18, കാട്ടുപന്നി-422, മാന്‍-66, സിംഹവാലന്‍ കുരങ്ങ്-.102, മ്ലാവ് -249, കാട്ടുപോത്ത്-249, കരടി-30 എന്നിങ്ങനെയായിരുന്നു മറ്റ് മൃഗങ്ങളുടെ കണക്ക്. ഇവയിൽ പലതും കാടിനെ കൈവിട്ട് നാട്ടിൽ ദുരിതം വിതക്കാൻ തുടങ്ങിയതോടെ മുണ്ടക്കയം, കോരുത്തോട്, എരുമേലി, പെരുവന്താനം പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളാണ് കൃഷിയിറക്കാനാകാതെ ദുരിതത്തിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.