മുക്കം: അതിഥി തൊഴിലാളികൾക്ക് നൽകേണ്ട അരി യഥാസമയം വിതരണം ചെയ്യാതെ പുഴുത്തു നശിച്ചതിനെ തുടർന്ന് കുഴിച്ചിട്ടു.കോവിഡ് മൂലം പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് നൽകാൻ ജില്ല ഭരണകൂടം കാരശ്ശേരി പഞ്ചായത്തിന് 2020ൽ മുൻ ഭരണസമിതിയുടെ കാലത്ത് അനുവദിച്ച 175 ചാക്ക് അരിയിൽ 18 ചാക്ക് അരിയാണ് ഉപയോഗശൂന്യമായതിനെ തുടർന്ന് നശിപ്പിച്ചത്.
175 ചാക്ക് അരിയിൽ 75 ചാക്ക് അന്ന് തന്നെ വിതരണം ചെയ്തിരുന്നു. ഇതിൽ ബാക്കി വന്ന 100 ചാക്ക് അരി കറുത്ത പറമ്പ് സാംസ്കാരിക നിലയത്തിൽ സൂക്ഷിക്കുകയായിരുന്നു. അതിഥി തൊഴിലാളികൾക്ക് നൽകേണ്ട അരി വിതരണം ചെയ്യാതെ, സാംസ്കാരിക നിലയത്തിൽ സൂക്ഷിക്കുന്നതിനെതിരെ യു.ഡി.എഫ് പ്രവർത്തകർ സമരം നടത്തിയിരുന്നു. ഇതേത്തുടർന്ന് അരി സൂക്ഷിച്ച സാംസ്കാരിക നിലയം അധികൃതർ സീൽ ചെയ്തു. തുടർന്ന് പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം അരി മാറ്റി സാംസ്കാരിക നിലയം തുറന്നു പ്രവർത്തിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 2020 ഡിസംബർ 28ന് കലക്ടർക്ക് കത്ത് നൽകി. ഇതിന്റെ ഭാഗമായി കോഴിക്കോട് ത്വഗ്രോഗ ആശുപത്രിക്കും, ഉദയ ഹോമിനും അരി നൽകാൻ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഉത്തരവ് നൽകി.
എന്നാൽ 82 ചാക്ക് അരി മാത്രമാണ് ഭക്ഷ്യയോഗ്യമായത് ലഭിച്ചുള്ളൂ. ബാക്കി വന്ന 18 ചാക്ക് അരി ഉപയോഗിക്കാൻ പറ്റാത്തതാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ജൂൺ 18ന് റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 28ന് നടന്ന പഞ്ചായത്ത് ഭരണസമിതി ഉപയോഗശൂന്യമായ അരി സാംസ്കാരിക നിലയത്തിൽ നിന്ന് നീക്കം ചെയ്യാൻ വാർഡ് മെംബർ ഷാഹിന ടീച്ചറെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം അരി കുഴിച്ചുമൂടി.
അരി യഥാസമയം വിതരണം ചെയ്യാത പൂഴ്ത്തിവെച്ച് നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിക്കാണെന്ന് യു.ഡി.എഫും, പുതിയ ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ഇടതുപക്ഷവും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.