കോഴിക്കോട്: മൂന്നു മാസത്തിനിടെ ജില്ലയിൽനിന്ന് പിടികൂടിയത് 250 കിലോയോളം കഞ്ചാവ്. കഴിഞ്ഞ ദിവസം ലോറിയിൽ കടത്തവെ പന്തീരാങ്കാവ് ബൈപാസിൽനിന്ന് 125 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കോവിഡ് ഭീതിയിൽ യാത്രക്കുൾപ്പെടെ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പാേഴും ജില്ലയിലേക്കുള്ള ലഹരി ഉൽപന്നങ്ങളുടെ വരവിനും വിപണനത്തിനും കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പൊലീസ്, എക്സൈസ്, ഡിസ്ട്രിക്ട് ആൻറി നാർകോട്ടിക് സ്പെഷൽ ഫോഴ്സ് (ഡെൻസാഫ്) ഉൾപ്പെടെയാണ് ലഹരി വസ്തുക്കൾ പിടികൂടുന്നത്. ലഹരി കടത്തിനുപയോഗിച്ച ലോറികൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇരുപതിലേറെ കേസുകളിൽ സ്ത്രീ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്.
വിൽപനക്കെത്തുന്നതിെൻറ 30 മുതൽ 50 ശതമാനംവരെ മാത്രമേ പിടികൂടാനാവുന്നുള്ളൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആന്ധ്ര, തമിഴ്നാട്, തെലങ്കാന, ഒഡിഷ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ലഹരിവസ്തുക്കൾ എത്തുന്നത്. പച്ചക്കറിയും മറ്റും കയറ്റിവരുന്ന ലോറികളിലാണ് രഹസ്യമായി ഇവ എത്തിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ചരക്കുവാഹന പരിശോധനയിൽ ചെക്ക്പോസ്റ്റുകളിലുള്ള ഇളവ് മറയാക്കിയാണ് ലഹരിക്കടത്ത്.
ആന്ധ്രയിലെ വിജയവാഡയിൽ നിന്നെത്തിച്ച 50 കിലോ കഞ്ചാവുമായി കരുവന്‍പൊയില്‍ സ്വദേശി നിഷാദുദ്ദീന്‍ (33), താനൂര്‍ സ്വദേശി സുബീര്‍ (25), അഞ്ചര കിലോ കഞ്ചാവുമായി കാസർകോട്ടുകാരായ കലന്തർ ഇബ്രാഹിം റാഷിഫ് (24), മുഹമ്മദ് അസ്ഹറുദ്ദീൻ (22), ഇബ്രാഹീം ബാദുഷ (22), അർഷാദ് (28), 10 കിലോ കഞ്ചാവുമായി പാലക്കാട് കുഴൽമന്ദം സ്വദേശികളും പൂളപ്പൊയിലിലെ താമസക്കാരുമായ ചന്ദ്രശേഖരൻ (31), സഹോദരി സൂര്യപ്രഭ (28) എന്നിവരാണ് നേരത്തേ പിടിയിലായ വൻകിടക്കാർ.
കഴിഞ്ഞദിവസം 125 കിലോ കഞ്ചാവുമായി തിരൂർ സ്വദേശി ഒഴൂർ മാങ്ങാട്ട് വീട്ടിൽ പ്രദീപാണ് (43) അറസ്റ്റിലായത്. ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കണ്ടെത്താൻ ഡി.സി.പി എസ്. സുജിത്ത് ദാസിെൻറ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും െതളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.