കോഴിക്കോട്: നഗരത്തിൽ തെരുവുകച്ചവടക്കാർക്കായി നടത്തിയ സർവേയിൽ കണ്ടെത്തിയ 2812 ഉന്തുവണ്ടിക്കച്ചവടക്കാർക്ക് കോർപറേഷൻ അംഗീകാരമാവുന്നു. ഇവർക്ക് ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവ നൽകാനാണ് ഇതിനായി കോർപറേഷൻ രൂപവത്കരിച്ച ടൗൺ വെൻഡിങ് കമ്മറ്റിയുടെ (ടി.വി.സി) നിർദേശം. കോർപറേഷൻ ക്ഷേമകാര്യ സമിതി അംഗീകരിച്ച നിർദേശത്തിൽ ചൊവ്വാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും.
ജനുവരിയിൽ കോർപറേഷൻ വഴിയോര കച്ചവട നിയന്ത്രണ നിയമാവലിക്ക് അംഗീകാരം നൽകിയിരുന്നു. ഈ നിയമാവലി അനുസരിച്ചാവും ലൈസൻസ് ഫീസടക്കമുള്ളവ ഈടാക്കുക. നിലവിലുള്ള കച്ചവടങ്ങൾക്ക് തിരിച്ചറിയൽ രേഖയടക്കമുള്ളവയുണ്ടായാലേ പുതുതായി വരുന്ന കച്ചവടക്കാരെ നിയന്ത്രിക്കാനാവൂവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇപ്പോൾ അംഗീകാരം നൽകാൻ തീരുമാനിച്ച 2812 പേരിൽ ബീച്ചിലുള്ള 90 പേർക്ക് നിലവിൽ ലൈസൻസുണ്ട്.
കടപ്പുറത്തെ കച്ചവടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയുള്ളവർക്ക് നേരത്തേ തന്നെ ലൈസൻസ് നൽകിയത്. കഴിഞ്ഞ കൊല്ലം ജൂലൈയിൽ നടത്തിയ സർവേയിൽ നഗരത്തിൽ മൊത്തം 2323 തെരുവുകച്ചവടക്കാരുണ്ടെന്ന് ഔദ്യോഗികമായി കണ്ടെത്തിയിരുന്നു.
സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി നഗരസഭയിലെ തെരുവുകച്ചവടക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന സർവേ പൂർത്തിയായതോടെയാണ് ഇത്രയും കച്ചവടക്കാരെ കണ്ടെത്തിയത്. കോർപറേഷന് പരിധിയിൽ തെരുവുകച്ചവടത്തില്‍ ഏര്‍പ്പെട്ട മുഴുവനാളുകളെയും കണ്ടെത്തി നഗരസഭയുടെ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നല്കി പുനരധിവാസം ഉറപ്പുവരുത്തുന്നതിന്റെ മുന്നോടിയായായിരുന്നു അന്നത്തെ സർവേ.
തെരുവുകച്ചവടംകൊണ്ട് മാത്രം ഉപജീവനം നടത്തുന്നവരെയാണ് പരിഗണിച്ചത്. ആഴ്ചക്കച്ചവടക്കാരെയും പരിഗണിച്ചു. മായം ചേർക്കൽ, മയക്കുമരുന്ന് തുടങ്ങി കേസുകളിൽപെട്ടവരെ ഒഴിവാക്കിയിരുന്നു.
ആധാർ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടർ ഐഡി കാര്‍ഡ്, റേഷന്‍ കാർഡ് തുടങ്ങിയ രേഖകൾ പരിശോധിച്ചാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതിനുമുമ്പ് 2015ലാണ് നഗരസഭയിൽ തെരുവുകച്ചവട സർവേ സംഘടിപ്പിച്ചത്. തുടര്‍ന്ന് 2017ൽ തെരുവുകച്ചവടക്കാരുടെ രജിസ്ട്രേഷൻ നടത്തി. ലിസ്റ്റ് തയാറാക്കാനുള്ള നടപടികൾ നടത്തിയിരുന്നെങ്കിലും കാര്യങ്ങൾ നീണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.