കോഴിക്കോട്: കാടിന്റെ മക്കൾ ചുരമിറങ്ങി വന്നു. അവർക്കപരിചിതമായ തീവണ്ടിയും കടലും കപ്പലും പുഴയും ബോട്ട് യാത്രയും നക്ഷത്രബംഗ്ലാവുമൊക്കെ കണ്ട് സന്തോഷത്തോടെ മങ്ങി. വയനാട്ടിലെ സുഗന്ധഗിരിയിലെ അംബ, വൃന്ദാവൻ ആദിവാസി സ്കൂളുകളിലെ 32 വിദ്യാർഥികളാണ് കോഴിക്കോട് നഗരവും കടലും കാഴ്ചകളും കാണാൻ ബുധനാഴ്ച രാവിലെ ബസിൽ ചുരമിറങ്ങിവന്നത്. ഒപ്പം അധ്യാപകരും ജീവനക്കാരും ഉണ്ടായിരുന്നു.
ആദ്യം റെയിൽവേ സ്റ്റേഷനിലെത്തിയ സംഘം പാസഞ്ചർ ട്രെയിനിൽ കയറി എലത്തൂർ ഇറങ്ങി തീവണ്ടി യാത്ര ആസ്വദിച്ചു. പിന്നീടവർ പോയത് ജാഫർഖാൻ കോളനിയിലെ പ്ലാനറ്റാറിയത്തിലേക്കാണ്. ശാസ്ത്ര കൗതുകങ്ങളും ആകാശവിസ്മയങ്ങളും കണ്ടറിഞ്ഞ് നേരേ ഹൈലൈറ്റ് മാളിലേക്ക്.
പിന്നീട് ബേപ്പൂരിലെത്തി തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകൾ കണ്ടു. പുഴയിലൂടെ ബോട്ട് സഞ്ചാരവും കടൽത്തീരത്തിറങ്ങി കടൽകാഴ്ചകളും അനുഭവിച്ചറിഞ്ഞ് സന്ധ്യയോടെ അവർ മടങ്ങി.
മലകയറി സഞ്ചാരികൾ നിരവധി വന്നിറങ്ങുന്ന പൂക്കോട് തടാകത്തിൽനിന്ന് 10 കി.മീ. ഉള്ളിലാണ് സുഗന്ധഗിരി. അംബ സ്കൂളിലെ 15 കുട്ടികളും വൃന്ദാവൻ സ്കൂളിലെ 17 കുട്ടികളും സംഘത്തിലുണ്ടായിരുന്നു. യാത്രയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ‘യാത്രികൻ വെൽഫെയർ ഫൗണ്ടേഷൻ’ ആണ് കാടിന്റെ കുഞ്ഞുങ്ങൾക്ക് നഗരക്കാഴ്ചയൊരുക്കിയത്.
കോവിഡ് കാലത്തിനുമുമ്പ് സുഗന്ധഗിരിയിലേക്ക് നടത്തിയ യാത്രയിൽനിന്നാണ് ഫൗണ്ടേഷൻ പ്രവർത്തകർ വിദ്യാർഥികളുമായി അടുത്ത് പരിചയപ്പെട്ടതെന്ന് കോഓഡിനേറ്റർ എൻ.എ. ബാസിം പറഞ്ഞു. കുട്ടികളുടെ പഠനയാത്രക്ക് വേണ്ട സഹായങ്ങളുമായി ഫൗണ്ടേഷന്റെ വളന്റിയർമാരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.