വടകര: സർക്കാറിന്റെ മെഡിസെപ് ആരോഗ്യ ചികിത്സ പദ്ധതിയിൽ വടകര സഹകരണ ആശുപത്രിക്ക് ലഭിക്കാനുള്ളത് നാലു കോടിയോളം രൂപ. ഇതോടെ പദ്ധതിപ്രകാരമുള്ള ചികിത്സ ആശുപത്രി നിർത്തിവെച്ചു. ജനുവരി നാലു മുതലാണ് ചികിത്സ ആനുകൂല്യങ്ങൾ ആശുപത്രി നിർത്തിയത്.
പദ്ധതി നിർത്തിയതോടെ ചികിത്സ ലഭിക്കേണ്ടവർ കോഴിക്കോടും മറ്റു സ്ഥലങ്ങളിലുമുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരവും ഒന്നേമുക്കാൽ കോടിയോളം ലഭിക്കാനുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ പണം നൽകുന്നതിൽ വീഴ്ചയുണ്ടായിരുന്നു.
ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. രോഗികൾക്ക് ചികിത്സ നൽകി 15 ദിവസത്തിനകം ഇൻഷുറൻസ് കമ്പനി പണം നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും പാലിക്കപ്പെടാത്തതാണ് പദ്ധതിയെ ബാധിച്ചത്. പണം ലഭ്യമാക്കുന്നതിലും ഇൻഷുറൻസ് കമ്പനികൾക്ക് ഇരട്ടത്താപ്പുള്ളതായും ആരോപണമുണ്ട്. ചില ആശുപത്രികൾക്ക് കൂടുതൽ പണം നൽകുകയും കുടിശ്ശിക വരുത്തുകയും ചെയ്യുന്ന അവസ്ഥയുമാണ്. സർക്കാർ ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും മാസംതോറും 500 രൂപയാണ് ചികിത്സയുടെ ഭാഗമായി പിടിക്കുന്നത്.
വർഷം 6000 രൂപ നൽകിയിട്ടും പദ്ധതിയുടെ ഗുണം ലഭിക്കാത്തതിൽ അമർഷം പുകയുന്നുണ്ട്. 2022 ജൂലൈയിലാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും പദ്ധതി ആരംഭിച്ചത്. മെഡിസെപ് പുനരാരംഭിക്കാൻ സർക്കാറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുകയാണെന്ന് ആശുപത്രി പ്രസിഡൻറ് ആർ. ഗോപാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.