വടകരയിലെ കുടുംബ കോടതിക്ക് 8.18കോടി; നിർമാണം ഉടനെന്ന് കെ.കെ.രമഎം.എൽ.എ

വടകര: കോടതി കോംപ്ലക്സിന് മുന്നിൽ ഇപ്പോൾ പാർക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് പുതിയ കുടുംബകോടതി കെട്ടിടമെന്ന കാലങ്ങളായുള്ള ആവശ്യം യാഥാർഥ്യമായതായി കെ.കെ രമ എം.എൽ.എ. ഇതിനായി 8.18കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. കെട്ടിടത്തിൻ്റെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. 2009ൽ വടകര ആസ്ഥാനമായി കുടുംബ കോടതി സ്ഥാപിച്ചപ്പോൾ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്താണ് വടകര ബാർ അസോസിയേഷൻ ഹാളും ലൈബ്രറി ഹാളും കുടുംബകോടതിക്കായി വിട്ടുകൊടുത്തത്.

13 വർഷമായിട്ടും ഇപ്പോഴും അഭിഭാഷകരെയും കക്ഷികളെയും ഒരുമിച്ച് ഉൾക്കൊള്ളാൻ കഴിയാതായതിനെ തുടർന്ന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി 2018ൽ 2.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ നിർമാണത്തിനു മുന്നോടിയായുള്ള പരിശോധനയിൽ മണ്ണിന് ഉറപ്പില്ല എന്ന് കണ്ടെത്തുകയും, പൈലിങ് നടത്തി പില്ലർ സ്ഥാപിക്കുന്ന പ്രവർത്തി കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് റിവൈസ്‌ ചെയ്യുകയായിരുന്നു. ഇതു പ്രകാരം പദ്ധതിയുടെ തുക 8.52 കോടിയായി ഉയരുകയും ഇത് ഭരണാനുമതിക്കായി സമർപ്പിക്കുകയുമായിരുന്നു. എം.എൽ.എ ആയി ചുമതലയേറ്റ ആദ്യ നാളുകളിൽ തന്നെ വകുപ്പ് മേധാവിയായ അഡിഷണൽ ചീഫ് സെക്രട്ടറിയെ നേരിൽ കാണുകയും ഫയൽ നീക്കം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി, 60%കേന്ദ്ര ഫണ്ട് ഉൾപ്പെട്ട പദ്ധതിയായതിനാൽ ഫയൽ ഫിനാൻസിലേക്കും തുടർന്ന് പ്ലാനിങ് ബോർഡിലേക്കും പോകേണ്ട ആവശ്യമുണ്ടായിരുന്നു. ആയതിനാൽ ഈ തുകയ്ക്ക് ഭരണാനുമതി ലഭിക്കുന്നതിനായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന് കത്ത് നൽകുകകയും, തുടർന്ന് നടന്ന ജില്ലാ വികസനസമിതി യോഗങ്ങളിൽ തുടർച്ചയായി ഈ കാര്യം ഉന്നയിക്കുകയും, കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ബജറ്റ് നിർദേശങ്ങളിലെ പ്രധാന ഇനങ്ങളിലൊന്നായി ഇത് പ്രപ്പോസ് ചെയിതിരുന്നതായും എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക അനുവദിച്ച പദ്ധതിക്ക് പിന്നീട് സർക്കാർ 8.2 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇപ്പോൾ ഫെബ്രുവരി 6 നു സർക്കാർ പുറപ്പെടുവിച്ച സാങ്കേതിക അനുമതി പ്രകാരം8.18 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചെന്നും, ആദ്യഘട്ടമെന്ന നിലയിൽ വടകര കുടുംബ കോടതിയുടെ രണ്ടുനില കെട്ടിടത്തിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

Tags:    
News Summary - 8.18 crore to the family court at Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.