കോഴിക്കോട്: ഗാന്ധി റോഡ് മേൽപാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞത് നഗരത്തെ നടുക്കി. വാഹനാപകടങ്ങൾ കുറക്കാനുള്ള ശ്രമങ്ങൾ പൊലീസും മറ്റു ഏജൻസികളും തുടരുന്നതിനിടെയാണ് രണ്ടു ജീവൻകൂടി പൊലിഞ്ഞത്. പള്ളിക്കണ്ടി വട്ടക്കുണ്ട് സ്വദേശി സുൽത്താൻ (21), ജെ.ഡി.ടി വിദ്യാർഥിനി നടുവട്ടം മാഹി സ്വദേശി ഹാദി (20) എന്നിവരാണ് മരിച്ചത്.
ഗാന്ധി റോഡിലൂടെ ബസ് സർവിസില്ല. മാത്രമല്ല വാഹനത്തിരക്ക് പൊതുവേ കുറവുമാണ്. എന്നാൽ, സി.എച്ച് മേൽപാലം നവീകരണ പ്രവൃത്തികൾക്കായി അടച്ചതോടെ ഭട്ട് റോഡ്, പുതിയാപ്പ ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴിയാണ് സർവിസ് നടത്തുന്നത്. ബീച്ചിലേക്കും തിരിച്ചുമുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്നതോടെ തിരക്ക് പതിവാണ്. മുന്നിലുണ്ടായിരുന്ന കാറുകളെ മറികടക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച സ്കൂട്ടർ എതിരെവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വൻശബ്ദം കേട്ടതോടെ സമീപത്തെ കച്ചവട സ്ഥാപനങ്ങളിലുള്ളവരും മറ്റു വാഹനയാത്രികരുമാണ് ആദ്യം എത്തിയത്. അപകടത്തിന്റെ ഭയാനകദൃശ്യം കണ്ട് ഇവർ നിലവിളിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലായിപ്പോയിരുന്നു.
ബസിന്റെ അടിയിൽ കുടുങ്ങിയ നൂറുൽ ഹാദിയെ സ്റ്റേഷൻ ഓഫിസർ കെ. അരുൺ, അസി. സ്റ്റേഷൻ ഓഫിസർ കലാനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ യൂനിറ്റ് ന്യൂമാറ്റിക് എയർ ബാഗ് ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പുറത്തെടുത്തതും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതും. അപകടത്തെത്തുടർന്ന് റോഡിൽ രക്തം പരന്നൊഴുകി. ഫയർഫോഴ്സ് പിന്നീട് കഴുകി വൃത്തിയാക്കുകയായിരുന്നു. ബാലു മഹിന്ദ്ര, കെ.പി. സത്യൻ, പി. ലിജാം, ടി. സിബി, അഹമ്മദ് റഹീഷ്, സജിത്ത് കുമാർ, സന്ദീപ് ദാസ്, രഞ്ജിത്, വിഷ്ണു, രാജേന്ദ്രൻ, മുരളീധരൻ, വിശ്വംഭരൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ഫയർഫോഴ്സ് യൂനിറ്റിലുണ്ടായിരുന്നത്.
ഒരുമാസം മുമ്പ് ഇതിനുസമീപം ബൈക്ക് അപകടത്തിൽപെട്ട് യുവാവ് മരിച്ചിരുന്നു. നേരത്തെ മാനാഞ്ചിറ എൽ.ഐ.സി ഓഫിസിനു മുന്നിലും വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിനു മുന്നിലും ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ വീതം മരിച്ചതും നഗരത്തിന് തേങ്ങലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.