കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ബിസിനസ് ഇൻക്യുബേഷൻ സെന്ററിന് കോഴിക്കോട്ട് തുടക്കമാകും. തലക്കുളത്തൂരിലെ പറപ്പാറയിൽ 1.9 ഏക്കറിലാണ് ഇൻകുബേഷൻ സെന്റർ ഒരുങ്ങുന്നത്.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും സംയുക്ത പദ്ധതിയാണിത്. ഐ.ടി സംരംഭങ്ങൾ വികസിപ്പിച്ച് വ്യാപാരമേഖലയെ സജീവമാക്കുകയാണ് ഇൻകുബേഷൻ സെന്ററിന്റെ ദൗത്യം.
ജില്ല വ്യവസായകേന്ദ്രം തയാറാക്കിയ രൂപരേഖക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിക്കഴിഞ്ഞു. ജില്ലയിലെ ഐ.ടി മേഖലയിൽ തൊഴിൽചെയ്യാൻ താൽപര്യമുള്ള, നല്ല ആശയങ്ങളുള്ള യുവതീയുവാക്കൾക്ക് അത് സാഫല്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഇൻകുബേഷൻ സെന്റർകൊണ്ട് ഒന്നാമതായി ലക്ഷ്യമിടുന്നത്.
ഇൻകുബേഷൻ കേന്ദ്രത്തിലെ പരിശീലനവും സാങ്കേതിക സൗകര്യങ്ങളും ഉപയോഗിച്ച് സംരംഭം വികസിപ്പിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. രണ്ടാമതായി, ആശയങ്ങൾ പ്രാവർത്തിക തലത്തിലെത്തിച്ചവർക്കുള്ളതാണ്. ഇവർക്ക് ഇൻകുബേഷൻ സെന്ററിൽ വർക്കിങ് സ്പേസ് നൽകും.
ഫർണിച്ചർ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മറ്റ് ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാമടങ്ങുന്ന ഓഫിസ് കുറഞ്ഞ നിരക്കിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. വലിയ ഐ.ടി കമ്പനികൾക്ക് ഇവിടെനിന്നും പ്രവർത്തിക്കാനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യം.
ജില്ലയിലെ ഐ.ടി മേഖലയിലും തൊഴിൽ മേഖലയിലും ഇതുമൂലം വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യംവെക്കുന്നത്. ജില്ല വ്യവസായകേന്ദ്രത്തിനാണ് ഇൻകുബേഷൻ സെന്ററിന്റെ നിരീക്ഷണ ചുമതല.
വിശദ പദ്ധതിരേഖ തയാറാക്കി അടുത്ത മാസം തന്നെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് വ്യവസായകേന്ദ്രം മാനേജർ കെ.ടി. ആനന്ദ് കുമാർ പറഞ്ഞു. 2024 ജനുവരി, ഫെബ്രുവരി മാസത്തോടെ പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
60 ലക്ഷം രൂപയുടെ ഫണ്ടാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും 50,000 രൂപ വീതം വിഹിതമെടുത്തുകൊണ്ടാണ് വേണ്ട പണം സ്വരൂപിക്കുക. ഘട്ടംഘട്ടമായി സെന്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.