താമരശ്ശേരി: ഭിന്നശേഷി വിദ്യാർഥിക്കും വല്യുമ്മക്കും സഹോദരങ്ങൾക്കും അടച്ചുറപ്പുള്ള വീട്ടില്‍ ഇനി അന്തിയുറങ്ങാം. കാരുണ്യതീരം സ്കൂള്‍ വിദ്യാർഥി റിയാസിനുവേണ്ടി ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് നിര്‍മിച്ച കാരുണ്യഭവന്റെ താക്കോല്‍ കൈമാറ്റം തിങ്കളാഴ്ച നടക്കും.
അമ്പായത്തോട് നടക്കുന്ന ചടങ്ങില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് ചീഫ് പാട്രണും വ്യവസായിയുമായ കെ. മുഹമ്മദ് ഈസ താക്കോല്‍ദാനം നിര്‍വഹിക്കും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് നിര്‍മിക്കുന്ന ഏഴാമത്തെ വീടാണിത്. മാതാപിതാക്കള്‍ ഉപേക്ഷിച്ച റിയാസ് (8) വല്യുമ്മ ചോലയില്‍ പാത്തുമ്മയുടെ തണലിലാണ് കഴിയുന്നത്. ഇവര്‍ കൂലിപ്പണിയെടുത്താണ് റിയാസിനെയും സഹോദരങ്ങളെയും വളര്‍ത്തുന്നത്. വിദ്യാർഥിയായ റസീന, റഹീസ് എന്നിവരാണ് റിയാസിന്റെ സഹോദരങ്ങൾ. മണ്‍കട്ടകൊണ്ട് കെട്ടിയുണ്ടാക്കി അതിന്മേല് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ചെറിയ മുറിയിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. അതിനിടയിൽ തീപിടിച്ച് മുറി നശിച്ചു.
ഇവരുടെ ദയനീയ ജീവിതം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. കിടക്കാനിടമില്ലാതെ എന്തുചെയ്യുമെന്നറിയാതെ കുടുംബം കഴിഞ്ഞിരുന്ന സമയത്താണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് വീടുപണി ഏറ്റെടുക്കുന്നതെന്നും ഭാരവാഹികൾ പഞ്ഞു. ജനറൽ സെക്രട്ടറി സി.കെ. ഷമീര്‍ ബാവ, ടി.എം. അബ്ദുല്‍ ഹക്കീം, ടി.കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.