കൊടുവള്ളി: ഗവ. റെസ്റ്റ് ഹൗസിനുള്ള സ്ഥലം റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അറിയിച്ചു.
2020 ജൂൺ 19ന് ചേർന്ന കഴിഞ്ഞ ഭരണസമിതി യോഗമാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലും ഗ്രാമവികസന കമീഷണറുടെ ഉടമസ്ഥതയിലുമുള്ള 25 സെൻറ് സ്ഥലം പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രം നിർമിക്കുന്നതിന് കൈമാറാനുള്ള തീരുമാനം റദ്ദാക്കിയത്.
സ്ഥലം കൈമാറിക്കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് സർക്കാറിലേക്ക് കത്ത് നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. റെസ്റ്റ് ഹൗസിന് നൽകാൻ തീരുമാനിച്ചിരുന്ന 25 സെന്റ് സ്ഥലം പ്രസ്തുതപദ്ധതിക്ക് അപര്യാപ്തമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിശാലമായ കെട്ടിടം നിർമിക്കുന്നതിനും ഈ സ്ഥലം മതിയാകില്ല.
കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവ നിർമിക്കുന്നതിനായി നേരത്തെ ബ്ലോക്ക് പഞ്ചായത്ത് സ്ഥലം വിട്ടുനൽകിയതിനാൽ പരിമിതമായ സ്ഥലം മാത്രമേ ബ്ലോക്ക് പഞ്ചായത്തിന്റെതായി അവശേഷിക്കുന്നുള്ളൂ.
ഇതര നിർമാണങ്ങൾക്ക് സ്ഥലം വിട്ടുനൽകിയാൽ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ സ്ഥലം ഇല്ലാതാവുമെന്നും ഇത് ഭാവിയിലെ ബ്ലോക്ക് വികസനപ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നും പ്രസിഡന്റ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി, സ്ഥിരംസമിതി ചെയർമാൻമാരായ ടി.എം. രാധാകൃഷ്ണൻ, എസ്.പി. ഷഹന, അംഗങ്ങളായ കെ.എം. അഷ്റഫ്, എ.കെ. കൗസർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.