കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ എ.സി.ആർ ലാബിന് മുന്നിൽ മലിനജലം കെട്ടിനിൽക്കുന്നത് രോഗപ്പകർച്ചാഭീതി വർധിപ്പിക്കുന്നു. മഴക്കാലമായതോടെ കവാടത്തിന് മുന്നിൽ കെട്ടിക്കിടക്കുന്ന മലിനജലം ചവിട്ടി ജനം ലാബിനുള്ളിൽവരെ എത്തുന്ന അവസ്ഥയാണ്. ലാബിന് പുറത്ത് നിലത്ത് വിരിച്ച ഇന്റർലോക്ക് ഇളകി കുഴി രൂപപ്പെട്ടതാണ് മലിനജലം കെട്ടിനിൽക്കാൻ ഇടയാക്കുന്നത്. ലാബും പരിസരവും ഏറെ സുരക്ഷിതമായി സൂക്ഷിക്കണമെങ്കിലും മഴക്കാലത്ത് മലിനജലം നിറഞ്ഞ കുഴി നികത്തി പൂർവസ്ഥിതിയിലാക്കാൻ അധികൃതർ തയാറായിട്ടില്ല. ശക്തമായ മഴ പെയ്താൽ മെഡിക്കൽ കോളജ് ആശുപത്രി ഭാഗത്തുനിന്നുള്ള ഓട, സെപ്റ്റിക് മാലിന്യംവരെ ഇതിലൂടെ ഒലിച്ചിറങ്ങും. അതും ചവിട്ടിയാവും രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ലാബിനകത്ത് കയറുക.
മാലിന്യം ലാബിന് അകത്തുവരെ എത്തുന്നതിനാൽ പരിശോധനക്കെത്തുമ്പോൾ മറ്റെന്തെങ്കിലും അസുഖം പിടിപെടുമോ എന്ന് ആശങ്കയിലാണ് രോഗികളും കൂട്ടിരിപ്പുകാരും. മാത്രമല്ല ഇവിടെ കെട്ടിനിൽക്കുന്ന മലിനജലം കൊതുകുകളുടെ താവളം കൂടിയായിരിക്കുകയാണ്. ഡങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രിക്കു മുന്നിൽ മലിനജലം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.