ഓമശ്ശേരി: കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, ലേഔട്ട് അപ്രൂവലിനുള്ള ഫീസ്, കെട്ടിട നികുതി, വിവിധ അപേക്ഷ ഫീസുകൾ തുടങ്ങിയവ ജനങ്ങളെ പ്രയാസപ്പെടുത്തും വിധം സംസ്ഥാന സർക്കാർ വൻ തോതിൽ വർധിപ്പിച്ചതിനെതിരെ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി.
സർക്കാറിന്റെ തെറ്റായ നയങ്ങൾ കൊണ്ട് നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ ക്രമാതീതമായി വില വർധിച്ച് ജനജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിൽ ഈ വർധന ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയും അനീതിയുമാണ്. സർക്കാറിന്റെ പുതിയ തീരുമാനം വഴി പഞ്ചായത്തിന് ഓൺ ഫണ്ട് വർധിക്കുമെങ്കിലും പാവപ്പെട്ട ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തിയുള്ള വരുമാന വർധന ആവശ്യമില്ല. കർഷകരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്നതാണ് ഓമശ്ശേരി പഞ്ചായത്ത്. അവരെ ദ്രോഹിക്കുന്ന കടുത്ത നടപടികളോട് യോജിക്കാനാവില്ല. നിരക്കുകൾ വലിയ തോതിൽ വർധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും നിരക്ക് നിശ്ചയിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച് നൽകണമെന്നും പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു.
നാലിനെതിരെ 13 വോട്ടോടെ പ്രമേയം പാസാക്കി. യു.ഡി.എഫിലെ പന്ത്രണ്ടംഗങ്ങളും ഒരു സ്വതന്ത്രാംഗവും പ്രമേയത്തെ അനുകൂലിച്ചപ്പോൾ എൽ.ഡി.എഫിലെ നാലംഗങ്ങൾ പ്രമേയത്തെ എതിർത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടിയാണ് പ്രമേയം അവതരിപ്പിച്ചത്.
പഞ്ചായത്തംഗം പി.കെ. ഗംഗാധരൻ അനുവാദകനായിരുന്നു. പ്രതിപക്ഷത്തെ കെ. ആനന്ദകൃഷ്ണൻ, പങ്കജവല്ലി എന്നിവർ ബോർഡ് യോഗത്തിൽ പങ്കെടുത്തില്ല.
പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്തിമ അബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.പി. സുഹറ, അംഗങ്ങളായ എം. ഷീജ ബാബു, കെ. കരുണാകരൻ മാസ്റ്റർ, എം.എം. രാധാമണി, സി.എ. ആയിഷ, അശോകൻ പുനത്തിൽ, സീനത്ത് തട്ടാഞ്ചേരി, പി .ഇബ്രാഹീം ഹാജി, എൽ.ഡി.എഫിലെ കെ.പി. രജിത, മൂസ നെടിയേടത്ത്, എം. ഷീല, ഡി. ഉഷാദേവി എന്നിവർ സംസാരിച്ചു.
കൊടിയത്തൂർ: സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വലിയ ബാധ്യത വരുത്തിവെക്കുന്ന കെട്ടിട നിർമാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് വർധനവിൽ ഇളവ് വരുത്താൻ പഞ്ചായത്തിന് അധികാരം നൽകണമെന്ന് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഇന്നലെ നടന്ന ഭരണസമിതി യോഗം ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി.
ബാബു പൊലുകുന്ന് അവതരിപ്പിച്ച പ്രമേയത്തെ എം.ടി. റിയാസ് പിന്താങ്ങി. വൻതോതിലുള്ള ഫീസ് വർധന സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ സർക്കാർ ഉത്തരവ് പാലിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് വർധനവിൽ ഇളവ് വരുത്താൻ പഞ്ചായത്തിന് അധികാരം നൽകണമെന്നും ആവശ്യപ്പെട്ടു.
സർക്കാർ ഉത്തരവ് പ്രകാരം ചുമത്തേണ്ട നികുതി സ്ലാബ് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കിൽ ജനങ്ങളിൽ നിന്ന് പിരിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. പ്രമേയത്തിൽ ഇടത് അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.