മുക്കം: സ്ഥിരംസമിതി അധ്യക്ഷരുടെ സഹകരണം പോലും ലഭിക്കാതെ നിസ്സഹായനായ ചെയർമാനുകീഴിൽ മുക്കം നഗരസഭ ഭരണം സ്തംഭനാവസ്ഥയിലായെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. നഗരസഭയുടെ പദ്ധതി ജില്ല പ്ലാനിങ് കമ്മിറ്റിയിൽനിന്ന് അംഗീകരിച്ച് വാങ്ങുന്നതിനുപോലും കഴിഞ്ഞിട്ടില്ല.
സമീപ പഞ്ചായത്തുകളിലെല്ലാം പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും സി.പി.എം നിയന്ത്രണത്തിലുള്ള മുക്കം നഗരസഭ പ്രതിസന്ധിയിലാണ്.
പദ്ധതി സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് നഗരസഭ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്നലെ നഗരസഭ ചെയർമാൻ പി.ടി. ബാബു വിളിച്ചുവെങ്കിലും സ്ഥിരം സമിതി അധ്യക്ഷർ പങ്കെടുക്കാത്തതിനാൽ നടത്താൻ കഴിഞ്ഞിട്ടില്ല. സ്ഥിരം സമിതി അധ്യക്ഷരിൽ അഞ്ചുപേരും സി.പി.എം പ്രതിനിധികളാണ്. യു.ഡി.എഫിന് വികസന സ്ഥിരം സമിതി മാത്രമാണുള്ളത്.
വികസന സ്ഥിരം സമിതി ചെയർമാൻ യോഗത്തിനെത്തിയെങ്കിലും മറ്റുള്ളവർ എത്തിയില്ല. സ്വന്തം പാർട്ടിക്കാർപോലും ചെയർമാനെ ഒറ്റപ്പെടുത്തുകയാണെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
മാസങ്ങളായി നഗരസഭ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയുമടക്കമുള്ള നിരവധി രോഗങ്ങൾ നഗരസഭയിൽ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തെ നിർജീവമാക്കുന്ന സമീപനമാണ് ഭരണമുന്നണി തുടരുന്നത്. ഇതിനെതിരെ ബഹുജന സമരം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് കൗൺസിലർമാരായ വേണു കല്ലുരുട്ടി, അബു മുണ്ടുപാറ, എം.കെ യാസർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.