കോഴിക്കോട്: വിപണിയിൽ മായം കലർന്ന ശർക്കരയെക്കുറിച്ച് പരാതി വ്യാപകമായതോടെ കർശന നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്. ടാർട്രസീൻ, റോഡമിൻ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ തുണികൾക്ക് നിറം നൽകുന്ന രാസവസ്തുക്കൾ അപകടകരമായ അളവിൽ ചേർത്ത ശർക്കരയാണ് ഇപ്പോൾ മാർക്കറ്റിൽ വ്യാപകമാവുന്നത്.
ജില്ലയിൽ നടത്തിയ പരിശോധനയിൽ ശർക്കരയിൽ അപകടകരമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയതായും ഭക്ഷ്യ സുരക്ഷ വകുപ്പ് അസി. കമീഷണർ കെ. വിനോദ് കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. ഇതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. റോഡമിൻ ബി ചെറിയ അളവിൽപോലും ശരീരത്തിനുള്ളിലെത്തിയാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇടയാക്കും.
തമിഴ്നാട്ടിലെ പളനി, ദിണ്ടിക്കൽ, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ശർക്കര വരുന്നത്. കുടിൽ വ്യവസായ യൂനിറ്റുകളിൽനിന്നാണ് മൊത്തവ്യാപാരികൾ ശർക്കര എടുക്കുന്നത്. ബ്രാൻഡഡ് ഉൽപന്നമല്ലാത്തതിനാൽ ഗുണനിലവാരം ഉറപ്പാക്കലും എളുപ്പമല്ല.
ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലാത്ത മൊത്ത വ്യാപാരികളിൽനിന്ന് ചരക്ക് എടുക്കരുതെന്നാണ് അധികൃതരുടെ നിർദേശം. ഇടുക്കിയിലെ ‘മറയൂർ ശർക്കര'യുടെ പേരിലും വ്യാജൻ ഇറങ്ങുന്നുണ്ട്. മറയൂർ ശർക്കരയെന്ന പേരിൽ ഗുണമേന്മ കുറഞ്ഞതും നിറം കലർത്തിയതുമായ ശർക്കര വിറ്റഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.