രാമനാട്ടുകര: കുനിയിൽ തോടിന് കുറുകെയുള്ള മന്ദാർ പാലം പുനർനിർമിക്കാനായി പൊളിച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും അടച്ചിട്ടത് മേഖലയിൽ വ്യാപാര മേഖലക്കും യാത്രക്കാർക്കും ദുരിതമായി.
രാമനാട്ടുകര മുനിസിപ്പാലിറ്റിയെ ബന്ധിപ്പിക്കുന്ന രാമനാട്ടുകര ബൈപാസിലേക്കെത്തുന്ന പ്രധാന ലിങ്ക് റോഡ് കൂടിയായ ഫറോക്ക് പേട്ട- കോടമ്പുഴ- ഫാറൂഖ് കോളജ് റൂട്ടിനെ ബാധിച്ചത് വലിയ ദുരിതമാണ് ജനങ്ങൾക്ക് വരുത്തുന്നത്. പ്രവൃത്തി മുടങ്ങിക്കിടക്കുന്നതുമൂലം ജനങ്ങൾ ഏറെ പ്രയാസത്തിലാണ്.
ദിവസേന നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് വിദ്യാർഥികളടക്കമുള്ള പൊതുജനങ്ങളും ഉപയോഗിക്കുന്ന റോഡ് നൂറിലേറെ വ്യവസായ സ്ഥാപനങ്ങളും അതിലേക്കുള്ള ചരക്ക് വാഹനങ്ങളും പാർസൽ സർവിസും കച്ചവട സ്ഥാപനങ്ങളും നൂറുകണക്കിന് തൊഴിലാളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമാണ്.
ഈ പൊതുമരാമത്ത് റോഡിൽ പത്തോളം ബസ് സർവിസും ഓട്ടോ സർവിസുമടക്കം റോഡ് ഗതാഗതം ആകെ താറുമാറായിരിക്കുകയാണ്. പ്രവൃത്തി ദ്രുതഗതിയിൽ നടത്തേണ്ടതിന് പകരം വ്യക്തമായ കാഴ്ചപ്പാടില്ലാതെയും കൗൺസിലറുടെയോ പ്രദേശവാസികളുടെയോ അഭിപ്രായങ്ങൾ മുഖവിലക്കെടുക്കാതെയുമാണ് ആരംഭിച്ചത്.
ഒന്നര കിലോമീറ്ററോളം നീളത്തിലുള്ള കുനിയിൽ തോട് ചെന്നുചേരുന്നത് കോടമ്പുഴ ഭാഗത്ത് ചാലിയാറിലാണ്. കാലങ്ങളായി പരിചരണമില്ലാത്തതുകൊണ്ട് തോട് പൂർണമായും ജീർണാവസ്ഥയിലാണ്. ഇത് പരിഹരിക്കുന്നതിന് സർവേ നടത്തി തോടിന്റെ യഥാർഥ വീതി കണ്ടെത്തി ഇരുകരകളും കെട്ടിസംരക്ഷിക്കണമെന്ന, പതിറ്റാണ്ടുകളായി ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.
ഇതിനിടയിലാണ് പി.ഡബ്ല്യു.ഡി റോഡിനുവേണ്ടി കുനിയിൽ തോടിന് തകർച്ചയിലള്ള പാലം മാറ്റിസ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചത്. ഈ സമയത്തെങ്കിലും തോടിന്റെ യഥാർഥ വീതി കണ്ടെത്തി അതേ അളവിൽ പുതിയ കൾവെർട്ട് നിർമിക്കണമെന്നാണ് ജനകീയ ആവശ്യം.
വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി അടിയന്തരമായി ഇടപെട്ട് എത്രയും പെട്ടെന്ന് സ്തംഭനാവസ്ഥക്ക് പരിഹാരമുണ്ടാക്കി പ്രവൃത്തി പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കോടമ്പുഴ മേഖല മുസ് ലിം യൂത്ത് ലീഗ് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.