കോഴിക്കോട്: സ്ഥലത്തിന് ചുറ്റുമതിൽ കെട്ടാൻ അനുവദിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ പ്രവാസിയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഒ.ബി.സി മോർച്ച എലത്തൂർ മണ്ഡലം പ്രസിഡന്റും ബി.ജെ.പി നേതാവുമായ പുഷ്പരാജ്, ബി.ജെ.പി എലത്തൂർ മണ്ഡലം പ്രസിഡന്റ് ആർ. ബിനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് എലത്തൂർ സ്വദേശി കെ.ടി. രാജീവിനെ ഭീഷണിപ്പെടുത്തിയത്.
പണം നൽകില്ലെന്നറിയിച്ച പ്രവാസി, നേതാക്കൾക്കെതിരെ പൊലീസിൽ പരാതിയും നൽകി. സ്വപ്നനഗരിയിലെ എക്സിബിഷൻ സംഘാടകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സതീഷ് പാറന്നൂർ, കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം സെക്രട്ടറി അജയ് ലാൽ എന്നിവർ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിൽ നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് പാർട്ടിയിലടക്കം ചർച്ചയായതിനുപിന്നാലെയാണ് മറ്റു നേതാക്കളുടെയും ‘ഗുണ്ടാപിരിവ്’ ഭീഷണി പുറത്തുവന്നത്.
മൂന്നര പതിറ്റാണ്ടിലേറെയായി ഗൾഫിൽ ജോലിചെയ്യുന്ന രാജീവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ പുത്തൂർ ഭാഗത്തുള്ള തന്റെ 51 സെന്റ് ഭൂമിയുടെ ഒരുഭാഗത്ത് ചുറ്റുമതിൽ കെട്ടുന്നതിന് വെട്ടുകല്ല് ഇറക്കിയിരുന്നു. പണി തുടങ്ങാനിരിക്കെ ബി.ജെ.പി നേതാക്കൾ രാജീവിനെ സമീപിച്ച് ഒരു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.
പുഴയോരത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ പണം തന്നില്ലെങ്കിൽ ചുറ്റുമതിൽ കെട്ടാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഭീഷണി തുടർന്നതോടെയാണ് രാജീവ് തന്റെ ഭൂമിക്ക് ചുറ്റുമതിൽ കെട്ടുന്നത് ബി.ജെ.പി നേതാക്കൾ തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി എലത്തൂർ പൊലീസിൽ പരാതി നൽകിയത്.
പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തിയപ്പോൾ രാജീവ് ഭൂമി സംബന്ധമായ എല്ലാ രേഖകളും കാണിച്ചു. ഇതോടെ ചുറ്റുമതിൽ കെട്ടുന്നതിന് തടസ്സമില്ലെന്നാണ് പൊലീസ് അറിയിച്ചതെന്ന് രാജീവ് പറഞ്ഞു.
പ്രദേശത്തെ മറ്റു ചില ഭൂവുടമകളെയും സ്ഥാപനങ്ങളെയും ബി.ജെ.പി നേതാക്കൾ സമീപിച്ച് പണം ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. ഭയത്താൽ പലരും ഇത് പുറത്തുപറയുന്നില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.