കോഴിക്കോട്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -എ.ഐ) സാങ്കേതികവിദ്യ സഹായത്തോടെ വ്യാജ വിഡിയോ കോൾ ചെയ്ത് പണംതട്ടിയ കേസിൽ പ്രതിയായ ഗുജറാത്ത് സ്വദേശി കൗശൽ ഷായെ അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. ഇയാൾ വീട്ടുകാരുമായി അകന്ന് കഴിയുകയാണ്.
നേരത്തേ നിരവധി സാമ്പത്തിക തട്ടിപ്പു കേസിൽ ഇയാൾ ഉൾപ്പെട്ടതായും വിവരം ലഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇത് വിവിധ സംസ്ഥാനങ്ങളിലെ ചേരി നിവാസികളുടെ അടക്കം രേഖകൾ ഉപയോഗിച്ചാണ് തുടങ്ങിയതെന്നാണ് സൂചന ലഭിച്ചത്.
പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത പണം എത്തിയ ജിയോ പേമെന്റ് ബാങ്കിന്റെ അക്കൗണ്ട് ഗുജറാത്ത് അഹ്മദാബാദിലെ ഉസ്മാൻപുര ഭാഗത്തുള്ള കൗശൽ ഷായുടെ പേരിലുള്ള അക്കൗണ്ടിലേക്കും തുടർന്ന് ഗോവ ആസ്ഥാനമായ ഗെയ്മിങ് പ്ലാറ്റ്ഫോമിന്റെ പേരിലുള്ള ആർ.ബി.എൽ ബാങ്കിന്റെ അക്കൗണ്ടിലേക്കുമെത്തിയെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്.
തുടർന്നാണ് കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിൽ നാലംഗ സംഘം കൗശൽ ഷായെ കണ്ടെത്താനായി അഹ്മദാബാദിലേക്ക് പോയത്. ഇയാളെ കിട്ടിയില്ലെങ്കിലും വീട്ടിൽ നിന്നടക്കം വിവരങ്ങളും നിരവധി രേഖകളും ലഭ്യമായതോടെ അന്വേഷണസംഘം മടങ്ങി. നേരത്തേ എസ്.ഐ പ്രകാശന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ഗോവയിൽ അന്വേഷണം നടത്തിയപ്പോഴാണ് കൗശൽ ഷാക്ക് തട്ടിപ്പിൽ ബന്ധമുള്ളതായി സൂചന കിട്ടിയത്.
ഗോവയിലും ഗുജറാത്തിലും നടത്തിയ അന്വേഷണത്തിൽ ജിയോ പേമെന്റ് ബാങ്ക് അക്കൗണ്ട് ഉടമ കൗശൽ ഷാ തന്നെയെന്ന് വ്യക്തമായിട്ടുണ്ട്. നിരവധി മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്ന, ഗുജറാത്തിലും മുംബൈയിലും ഗോവയിലും മാറിമാറിത്താമസിക്കുന്ന ഇയാളെ കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽ നിന്നാണ് 40,000 രൂപ തട്ടിയത്.
മുമ്പ് ഒപ്പം ജോലിചെയ്ത ആന്ധ്ര സ്വദേശിയായ സുഹൃത്തെന്ന് പരിചയപ്പെടുത്തി വിഡിയോ കാളിൽ വന്ന്, ഭാര്യ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ളയാള്‍ക്ക് അയക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.