കോഴിക്കോട്: നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ് -എ.ഐ) സാങ്കേതിക വിദ്യ സഹായത്തോടെ വ്യാജ വിഡിയോ കാൾ ചെയ്ത് പണം തട്ടിയ കേസിൽ ഗോവക്ക് പിന്നാലെ അന്വേഷണസംഘം ഗുജറാത്തിലേക്ക്. കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് വ്യാഴാഴ്ച ഗുജറാത്തിലെ അഹ്മദാബാദിലേക്ക് പോകുന്നത്.
നേരത്തേ എസ്.ഐ പ്രകാശന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം ഗോവയിൽ അന്വേഷണം നടത്തിയപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് സ്വദേശി കൗശൽ ഷാ എന്നയാൾക്ക് തട്ടിപ്പിൽ ബന്ധമുള്ളതായി സൂചന കിട്ടിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ആദ്യം അഹ്മദാബാദിലാണ് ലഭിച്ചത്. പിന്നീട് ഫോൺ സ്വിച്ച്ഓഫായെങ്കിലും പിന്നീട് ഓൺ ആയപ്പോൾ മുംബൈ ആണ് ലൊക്കേഷൻ ലഭിച്ചത്. ഇയാൾ നിലവിൽ അഹ്മദാബാദിലുള്ളതായാണ് വിവരം. കാൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനാണ് തട്ടിപ്പിനിരയായത്. തട്ടിയ 40,000 രൂപ ആദ്യം എത്തിയത് ഗുജറാത്തിലെ ഒരു ബാങ്ക് അക്കൗണ്ടിലായിരുന്നു. തുടർന്ന് ആ അക്കൗണ്ടിൽനിന്ന് നാലുതവണയായി തുക മഹാരാഷ്ട്ര ആസ്ഥാനമായ രത്നാകർ ബാങ്കിന്റെ ഗോവയിലുള്ള ശാഖയിലെ അക്കൗണ്ടിലെത്തി. ഈ അക്കൗണ്ട് കമ്പ്യൂട്ടർ സാമഗ്രികൾ വിൽപന നടത്തുന്ന സ്വകാര്യ സ്ഥാപനത്തിന്റേതാണെന്ന് കണ്ടെത്തിയെങ്കിലും അക്കൗണ്ട് തുടങ്ങാൻ സമർപ്പിച്ച രേഖകൾ കൗശൽ ഷായുടേതാണ് എന്നാണ് വിവരം ലഭിച്ചത്. ഇയാളെ കണ്ടെത്തി ചോദ്യംചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
സ്വകാര്യ സ്ഥാപനത്തെ മറയാക്കി തട്ടിപ്പ് നടത്തുകയായിരുന്നോ എന്ന സംശയവും ഇതിനകം ബലപ്പെട്ടിട്ടുണ്ട്. തട്ടിയ പണം എത്തിയ ബാങ്ക് അക്കൗണ്ട് കേരള പൊലീസ് ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. മുമ്പ് ഒപ്പം ജോലി ചെയ്ത ആന്ധ്ര സ്വദേശിയായ സുഹൃത്തെന്ന് പരിചയപ്പെടുത്തി വിഡിയോ കാളിൽ വന്ന്, ഭാര്യസഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്‍ക്ക് അയക്കാൻ 40,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാധാകൃഷ്ണനിൽനിന്ന് പണം തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.