ബാലുശ്ശേരി: വനം മന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച് മലയോര മേഖല. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ കൂരാച്ചുണ്ട്, പനങ്ങാട് പഞ്ചായത്തുകളിൽപ്പെട്ട കക്കയം, തലയാട്, മേഖലകളിലെ വർധിച്ചുവരുന്ന വന്യമൃഗ ശല്യവും കൃഷിനാശവും നാട്ടുകാർക്കിടയിൽ ഏറെ പരാതിയുയർത്തിയ കാര്യങ്ങളാണ്. ചക്കിട്ടപാറ പഞ്ചായത്തിലും മുതുകാട്ടും കാട്ടാന ശല്യവും കൃഷിനാശവും പതിവ് സംഭവങ്ങളാണ്.
കക്കയം വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും ബാലാരിഷ്ടത മാറിയിട്ടില്ല. മലബാറിലെ ഏക വന്യജീവി സങ്കേതമായ കക്കയത്ത് ആവശ്യമായ സംരക്ഷണ പ്രവർത്തനങ്ങളൊന്നും പൂർണമായിട്ടില്ല. കക്കയം ടൂറിസം മേഖലയായി പ്രഖ്യാപിച്ചതോടെ വൈദ്യുതി വകുപ്പും വനം വകുപ്പും തമ്മിലുള്ള വടംവലിയും വർധിച്ചു. ഇതോടെ ടൂറിസം വികസനവും സ്തംഭനാവസ്ഥയിലാണ്.
എകരൂലിൽനിന്നും കക്കയം ഡാം സൈറ്റ് വരെയുള്ള റോഡ് നവീകരണത്തിനായി ബൃഹത് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇവിടെയും വനം വകുപ്പും വൈദ്യുതി വകുപ്പും തമ്മിലുള്ള ശീതസമരമുണ്ട്. മുമ്പ് ബാലുശ്ശേരിയിലെ എം.എൽ.എ ആയിരുന്ന എ.കെ. ശശീന്ദ്രന് ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ ഏറെ പ്രയാസമുണ്ടാകില്ല. വനം വൈദ്യുതി വകുപ്പുകൾ ഒത്തുചേർന്നു പ്രവർത്തിച്ചാൽ കക്കയത്തെ ജില്ലയിലെ മികച്ച ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റാനും കഴിയും. കൂരാച്ചുണ്ട് പഞ്ചായത്തിലെ കാന്തലാട് വില്ലേജിൽ ഭൂനികുതി സ്വീകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധികളുയരുന്നുണ്ട്.
റവന്യു-വനം വകുപ്പുകൾ തമ്മിലാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പട്ടയം കിട്ടിയ താമസക്കാരിൽനിന്നും ഭൂനികുതി സ്വീകരിക്കാതെ വില്ലേജ് അധികൃതർ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതായുള്ള പരാതി ഇക്കഴിഞ്ഞ മാർച്ചിലും ഉയർന്നതാണ്. ഇതിനെതിരെ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരന്തര പ്രക്ഷോഭസമരങ്ങളും നടക്കുന്നുണ്ട്. എ.കെ. ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായതോടെ ഇതിനെന്തെങ്കിലും പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്.
പനങ്ങാട് പഞ്ചായത്തിലെ തലയാട്, മങ്കയം, വയലട, കുറുമ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ആക്രമത്തിൽ കൃഷികൾ പാടെ നശിക്കുകയാണ്. വന്യജീവി ശല്യം കാരണം കൃഷിയിടങ്ങൾ പോലും വിറ്റ് പോകാനുള്ള മനഃസ്ഥിതിയിലാണ് ഇവിടങ്ങളിലെ കർഷക കുടുംബങ്ങൾ .
കൃഷിനാശത്തിന് വനം വകുപ്പിൽനിന്നും മതിയായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്. കൃഷിയിടങ്ങളുടെ സംരക്ഷണത്തിനായി വനാതിർത്തികളിൽ വൈദ്യുതി കമ്പിവേലി സ്ഥാപിക്കണമെന്ന മുറവിളിയും ഏറെ കാലമായി നാട്ടുകർ ഉയർത്തുന്നുണ്ട്. വനം മന്ത്രിയുടെ ശ്രദ്ധ പതിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.