മാവൂർ: ഗ്രാമപഞ്ചായത്ത് വാർഡ് 17 ഊർക്കടവിൽ ആടുകൾ കൂട്ടത്തോടെ ചത്തു. രണ്ടാഴ്ചക്കിടെ 23 ആടുകളാണ് ചത്തത്. നിരവധി ആടുകൾ രോഗലക്ഷണം കാണിക്കുന്നുണ്ട്. ന്യൂമോണിയയാണ് രോഗമെന്ന് കരുതുന്നതായും തിങ്കളാഴ്ച വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുമെന്നും മാവൂരിലെ വെറ്ററിനറി സർജൻ ബിജുപാൽ അറിയിച്ചു. ആട് വളർത്തൽ ഉപജീവനമാക്കിയ ഊർക്കടവ് അരീക്കുഴിയിൽ സുബൈറിെൻറ 19 ആടുകളാണ് ചത്തത്. അരീക്കുഴിയിൽ നാസറിെൻറ നാല് ആടുകളും ചത്തു.
ഇവരുടെ ശേഷിക്കുന്ന ആടുകളെല്ലാം രോഗലക്ഷണം കാണിക്കുന്നുണ്ട്. സമീപവാസി അരീക്കുഴിയിൽ സിദ്ധാർഥെൻറ രണ്ട് ആടുകൾ ഗുരുതരാവസ്ഥയിലാണ്. സമീപത്ത് മറ്റൊരു വീട്ടിലെ ആടുകൾക്കും രോഗലക്ഷണമുണ്ട്. ചുമയും ജലദോഷവും കവിൾവീക്കവും വന്ന് വയറിളക്കത്തോടുകൂടി അവശരാകുകയാണ്. കൈകാലുകൾ കുഴയുകയും വായിൽനിന്ന് നുരയും പതയും വരുകയും കണ്ണുകളുടെ നിറം മാറുകയും വായിൽ മുറിവുകളുണ്ടാവുകയും ചെയ്യുന്നുണ്ട്. കഴുത്തിൽ നീർക്കെട്ട് രൂപപ്പെടുന്നുണ്ട്. ആടുകൾ ഭക്ഷണം കഴിക്കാനാവാതെയാണ് ചാകുന്നത്. ഗർഭിണികളായ ആടുകളും ചത്തിട്ടുണ്ട്. വെള്ളപ്പൊക്കബാധിത പ്രദേശമായതിനാൽ സുബൈറിന് മൃഗാശുപത്രിയിൽനിന്ന് ദുരിതാശ്വാസമായി ആറ് ആടുകൾ ലഭിച്ചിരുന്നു. ഈ ആടുകളിലാണ് ആദ്യം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് സുബൈർ പറയുന്നു. രണ്ടാഴ്ച മുമ്പാണ് ആടുകൾക്ക് രോഗം കണ്ടുതുടങ്ങിയത്.
ഈഭാഗത്ത് കോഴികളും താറാവുകളും സമാന രോഗലക്ഷണം പ്രകടിപ്പിച്ചുതുടങ്ങിയതായി നാട്ടുകാർ പറയുന്നു. മൃഗാശുപത്രിയിൽനിന്ന് മാവൂർ ഗ്രാമപഞ്ചായത്തിൽ വിതരണംചെയ്ത മറ്റൊരാടും ചത്തതായി വിവരമുണ്ട്. രോഗം ബാധിച്ച ആടുകൾക്ക് ആൻറിബയോട്ടിക് മരുന്നുകൾ നൽകുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. രോഗം പടരുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.