കൊയിലാണ്ടി: അധികാരം ജനങ്ങളിലാണെന്നുപറയുന്നവർ അധികാരം ലഭിക്കുമ്പോൾ തന്നിഷ്ടപ്രകാരം ഭരിക്കുന്ന അവസ്ഥയാണെന്ന് ഗാന്ധിജിയുടെ പ്രപൗത്രനും സാമൂഹിക പ്രവർത്തകനുമായ തുഷാർ ഗാന്ധി പറഞ്ഞു. കാട്ടിലപീടികയിൽ കെ റെയിൽ വിരുദ്ധ സത്യഗ്രഹ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കെ റെയിലിനെതിരെയുള്ള സമരം ശക്തമായി തുടരണം. ദീർഘകാല സമയമെടുത്താണ് വിപ്ലവങ്ങളും സമരങ്ങളുമെല്ലാം വിജയം നേടിയിട്ടുള്ളത്.
വികസനമെന്നത് സാമാന്യ ജനത്തിന്റെ സ്വൈരവും സുഗമവുമായ ജീവിതത്തെ തടസ്സപ്പെടുത്തുന്നതും തകിടം മറിക്കുന്നതും ആവരുത്.
ഈ തകിടം മറിക്കൽ ഒരു ന്യൂനപക്ഷത്തിന്റേതാണെങ്കിൽപോലും അതിനെ ന്യായീകരിക്കാൻ കഴിയില്ല. നർമദ പദ്ധതികൊണ്ട് ഗുജറാത്തിലെ ഒരു ചെറിയ ന്യൂനപക്ഷത്തിന് പ്രയോജനമുണ്ടായിട്ടുണ്ട്. എന്നാൽ, ഭൂരിപക്ഷം സാധാരണക്കാർക്കും അത് ദോഷകരമാവുന്നു എന്നതാണ് കാതലായ പ്രശ്നം -തുഷാർ ഗാന്ധി പറഞ്ഞു.
ഡോ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗോപാലകൃഷ്ണൻ നായർ, ഡോ. ഗോപാലകൃഷ്ണ പണിക്കർ, ജേക്കബ് വടക്കാഞ്ചേരി എന്നിവർ സംസാരിച്ചു. മുസ്തഫ ഒലീവ്, ടി.സി. രാമചന്ദ്രൻ, സുനീഷ് കീഴാരി, കോയ പുതിയങ്ങാടി, കൃഷ്ണകുമാർ പാവങ്ങാട്, പ്രഫ. ഷിബി മാത്യു, പ്രഫ. അബൂബക്കർ കാപ്പാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.