കോഴിക്കോട്: നിർമിത ബുദ്ധി, ഡീപ് ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈനായി പണംതട്ടിയ കേസിലെ മുഖ്യപ്രതി ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷായെ (53) കോഴിക്കോട് കോടതിയിൽ ഹാജരാക്കി.
ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ പാർപ്പിച്ച ഇയാളെ ജയിലധികൃതരാണ് ട്രെയിൻ മാർഗമെത്തിച്ച് ബുധനാഴ്ച സി.ജെ.എം കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ ജനുവരി 31 വരെ റിമാൻഡ് ചെയ്ത കോടതി, രണ്ടര മണിക്കൂർ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് അനുമതി നൽകുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത സൈബർ ക്രൈം പൊലീസ് ചോദ്യം ചെയ്ത കൗശൽ ഷായെ വൈകീട്ട് വീണ്ടും തിഹാർ ജയിലിലേക്ക് തന്നെ കൊണ്ടുപോയി.
ജനുവരി 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പ്രതിയെ തിഹാർ ജയിലിൽ പോയി ചോദ്യം ചെയ്യുന്നതിന് കോടതി അന്വേഷണസംഘത്തിന് അനുമതി നൽകിയിട്ടുണ്ട്. പ്രതിക്കായി അഡ്വ. കെ. മുജീബ് റഹ്മാനാണ് കോടതിയിൽ ഹാജരായത്. കൗശൽ ഷാക്കായി വ്യാഴാഴ്ച ജാമ്യാപേക്ഷ നൽകും. ഇയാളുടെ കൂട്ടാളികളായ കേസിലെ മറ്റു പ്രതികൾ നേരത്തെ റിമാൻഡിലായിരുന്നു. കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് കഴിഞ്ഞ ജൂലൈയിൽ കൗശൽ ഷാ ഉൾപ്പെട്ട സംഘം ഓൺലൈനായി 40,000 രൂപ തട്ടിയത്.രാജ്യത്ത് ആദ്യം രജിസ്റ്റർ ചെയ്ത നിർമിത ബുദ്ധി സാമ്പത്തിക തട്ടിപ്പ് കേസാണിത്. തട്ടിയ പണം അടുത്തിടെ പൊലീസ് പരാതിക്കാരന് ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.