കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ രാത്രിയായാൽ സാമൂഹികവിരുദ്ധരും ലഹരിമാഫിയയും വിളയാടുകയാണെന്നു കാണിച്ച് സൂപ്രണ്ട് സിറ്റി പൊലീസ് മേധാവിക്ക് കത്ത് നൽകി. സുരക്ഷ ജീവനക്കാർക്കു പോലും ഇവരുടെ ഭീഷണിയിൽനിന്ന് രക്ഷയില്ലെന്നും സംഘടിച്ച് മാരകായുധങ്ങളുമായി സുരക്ഷ ജീവനക്കാർക്കുനേരെ പലതവണ ഇവർ ആക്രമണം നടത്തിയതായും പരാതിയിൽ പറയുന്നു.
രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണം. സ്ത്രീകളെയും കുട്ടികളെയും ഇവിടെ കൊണ്ടുവന്ന് അനാശാസ്യപ്രവർത്തനങ്ങൾ നടത്തുന്നതായും കത്തിൽ പറയുന്നു. സാമൂഹികവിരുദ്ധർ താവളമാക്കുന്ന സ്ഥലങ്ങൾ എവിടെയെല്ലാമാണെന്നും സൂപ്രണ്ട് പൊലീസിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാമ്പസിന്റെ സുരക്ഷ ചുമതലയുള്ള സെക്യൂരിറ്റി ജീവനക്കാർ ആശുപത്രി വളപ്പിൽ പതിവായി രാത്രികാല പരിശോധന നടത്തിവരാറുണ്ട്. കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ സംഘ ശക്തി സെക്യൂരിറ്റി ജീവനക്കാർക്കുനേരെ പല തവണ ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രധാന സുരക്ഷ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെയും തുടർ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പൊലീസിന്റെ സഹായവും കൂടി വേണമെന്ന് ആവശ്യപ്പെടുന്നത്.
ആശുപത്രിയുടെ അടുക്കള സമുച്ചയം, ആശുപത്രി പ്രധാന കവാടത്തിന് സമീപത്ത് രോഗികളുടെ ആശ്രിതർക്ക് വിശ്രമിക്കാനായി നിർമിച്ച ഷെഡുകൾ, പൊലീസ് സ്റ്റേഷന് എതിർവശത്തായി മെയിൻ ഗേറ്റിന്റെ പരിസരം, മോർച്ചറി പരിസരം, സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ പിൻവശം, സ്പോർട്സ് മെഡിസിൻ സമുച്ചയ പരിസരം, വിവിധ ക്വാർട്ടേഴ്സുകളുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും കഞ്ചാവ്, മയക്കുമരുന്ന് സംഘവും സാമൂഹിക വിരുദ്ധ ശക്തികളും താവളമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.