പുഴയിലിറങ്ങാനാവാതെ ഇരുവഴിഞ്ഞി തീരക്കാർ; നീർനായ്ക്കളുടെ ​ആക്രമണം​ തുടരുന്നു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായയുടെ ശല്യം വീണ്ടും രൂക്ഷമായതോടെ കുളിക്കാനിങ്ങാനാവാതെ നാട്ടുകാർ. പുഴയിലിറങ്ങുന്നവർക്ക്​ നീർനായ്ക്ക​ളുടെ കടിയേൽക്കുന്നത്​ പതിവാകുന്നതോടെ കുളിക്കാനിറങ്ങുന്നവർക്ക്​ മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്​. ചേന്ദമംഗലൂർ, കൊടിയത്തൂർ, കാരശേരി, പാഴൂർ, കച്ചേരി ഭാഗങ്ങളിൽ അഞ്ച് മാസത്തിനിടയിൽ പത്തോളം പേർക്കാണ് നീർനായയുടെ കടിയേറ്റ് ചികിത്സ തേടേണ്ടി വന്നത്​.

കഴിഞ്ഞ ദിവസം പുഴയിലിറങ്ങിയ മൂന്ന് പേർക്ക് കടിയേറ്റതാണ്​ അവസാന സംഭവം. മംഗലശ്ശേരി തോട്ടത്തിൽ ഇയ്യത്തിങ്ങൽ മുഹമ്മദ് നാജി (11), പുൽപ്പറമ്പ് സ്വദേശി വി.പി.നിസാമുദ്ദിൻ, വെസ്റ്റ് കൊടിയത്തൂർ സ്വദേശി ആലി ഹസ്സൻ എന്നിവർക്കാണ് കടിയേറ്റത്. രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആലി ഹസ്സൻ കൊടിയത്തുൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും ചികിത്സ തേടി. തിരുവോണ ദിവസം രാവിലെ തോട്ടത്തിൽ കടവിൽ നീന്തുന്നതിനിടയിൽ നാജിയെയും നിസാമുദ്ദീനിനെയും കാലിലും, കാൽ മുട്ടിനും കടിച്ച് പരിക്കേൽപ്പിച്ചത്. ആലി ഹസ്സനെ ചാലക്കൽ കടവിൽ കാൽ കഴുകുന്നനതിനിടയിലാണ്​ കടിയേറ്റത്.

വയോധികനായ കക്കാട് സ്വദേശി പി.എം മുഹമ്മദ്, നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ടി.കെ.ജുമാൻ എന്നിവരെ കഴിഞ്ഞ മെയ് മാസത്തിലാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്. നോർത്ത് ചേന്ദമംഗലൂർ ആറ്റുപുറം കടവിൽ കുട്ടികളോടൊപ്പം കുളിച്ചു കൊണ്ടിരിക്കെയായിരുന്നു പൊടുന്നനെ നീർനായ്ക്കൾ അക്രമണം നടത്തിയത്.


ആറും എട്ടും കൂട്ടമായാണ് ഇരുവഴിഞ്ഞിപ്പുഴയിൽ വിളയാട്ടം നടത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെസ്റ്റ് കൊടിയത്തൂർ കുന്നത്ത് സവാദിനേയും, കാരശേരി സ്വദേശിനിയായ ഒരു യുവതിയേയും നീർനായ ആക്രമിച്ചിരുന്നു.

കച്ചേരിക്കടവിൽ സഹോദരനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ പത്ത് വയസുകാരിയായ കൃഷ്ണപ്രിയയുടെ കാലിൽ  നീർനായ കടിച്ചിരുന്നു.

കൊടിയത്തൂർ പുത്തൻവീട്ടിൽ കടവിൽ വസ്ത്ര മലക്കുന്നതിനിടയിൽ ചെറുതടത്തിൽ സോഫിയയെ കാലിൽ കടിച്ച് വെള്ളത്തിലാഴ്ത്താൻ ശ്രമിച്ചപ്പോൾ രക്ഷിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനായ മകനേയും അക്രമിച്ച് പരിക്കേൽപ്പിച്ചു. സാരമായ പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ തേടുകയുണ്ടായി.

നീർനായകൾ വന്യജീവി സംരക്ഷണ വകുപ്പ് വിഭാഗത്തിൽപ്പെടുന്നവയാണ്. വനം വകുപ്പ് ഇവയെ കൂട് വെച്ച് പിടിക്കുന്നതിന് സംവിധാനമുണ്ടാക്കണമെന്ന് ഇരുവഴിഞ്ഞി തീരദേശ നിവാസികൾ മുന്നോട്ട് വെക്കുന്ന ആവശ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.