കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കല്ലായി പുഴയിൽ അപകടത്തിൽപെട്ട വയോധികന്റെ ജീവൻ രക്ഷപ്പെടുത്തി. ചേവായൂർ ചാലിൽ ജനാർദനൻ നായരാണ് (81) പുഴയിൽ അപകടത്തിൽപെട്ടത്.
ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ കല്ലായി മേൽപാലത്തിനടിയിലെ റോഡിലൂടെ സ്കൂൾ കുട്ടികളെ കയറ്റുവാൻ പോവുകയായിരുന്ന വട്ടക്കിണറിലെ ഓട്ടോഡ്രൈവർ മുജീബ് റഹ്മാനാണ് പുഴയുടെ മധ്യത്തിൽ കൈകാലുകളിട്ടടിക്കുന്ന ആളെ കണ്ടത്. ഉടൻതന്നെ ഓട്ടോറിക്ഷ നിർത്തി ഒച്ചവെച്ച് ആളെ കൂട്ടുകയായിരുന്നു.
നാട്ടുകാർ കൂടിച്ചേർന്ന് പുഴയിൽ മീൻപിടിത്തം നടത്തുന്ന തോണിക്കാരെ അറിയിച്ചു. കുതിച്ചെത്തിയ തോണിക്കാർ അപകടത്തിൽപെട്ടയാളെ വെള്ളത്തിൽനിന്നുമെടുത്തുയർത്തി തോണിയിൽ കിടത്തി കരക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകി സമീപത്തെ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പൊലീസെത്തി ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികന്റെ ജീവൻ രക്ഷപ്പെടുത്തിയ വട്ടക്കിണറിലെ ഓട്ടോ ഡ്രൈവർ മുജീബ് റഹ്മാനെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു. രാവിലെ വീട്ടുകാരുമായി വഴക്കിട്ട ജനാർദനൻ നായർ ചേവായൂരിൽനിന്നും ഓട്ടോ പിടിച്ച് കല്ലായി പാലത്തിന് അടിയിൽ വന്നതിന് ശേഷം പുഴയിലേക്കിറങ്ങിയെന്നാണ് പറയുന്നത്. വേലിയിറക്ക സമയമായതിനാലും ആഴം കുറവായതിനാലും ഇയാൾക്ക് നീന്തൽ വശമുള്ളതിനാലുമാണ് വെള്ളത്തിൽ മുങ്ങിത്താഴാതെ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.