ഗതാഗതക്കുരുക്കിന്‍റെ പേരിൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിഷേധിക്കരുത് -ഹൈകോടതി

കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരിൽ സാധാരണക്കാരുടെ ജീവനോപാധിയായ ഓട്ടോറിക്ഷകൾക്ക് നഗരങ്ങളിലും മറ്റും പെർമിറ്റുകൾ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മതിയായ പാർക്കിങ് സൗകര്യമൊരുക്കാൻ സർക്കാറും തദ്ദേശ സ്ഥാപനങ്ങളും മറ്റ് അധികൃതരും ഒന്നിച്ച് ശ്രമിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഷാജി പി. ചാലി വ്യക്തമാക്കി. കോഴിക്കോട് വടകരയിൽ നഗരപരിധിക്കു പുറത്തുള്ളവർക്ക് ഓട്ടോ പെർമിറ്റ് നൽകുന്നത് ചോദ്യം ചെയ്ത് വടകര മുനിസിപ്പൽ ഏരിയ ഓട്ടോറിക്ഷ തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി നൽകിയ ഹരജിയിലാണ് ജസ്റ്റിസിന്‍റെ നിരീക്ഷണം.

വടകരയിൽ നഗരസഭ പരിധിയിലുള്ളവർക്ക് മാത്രമായി ഓട്ടോ പെർമിറ്റ് ആർ.ടി.എ അധികൃതർ പരിമിതപ്പെടുത്തിയിരുന്നു. ഓട്ടോ പെർമിറ്റ് ഇത്തരത്തിൽ പരിമിതപ്പെടുത്തരുതെന്ന ഹൈകോടതി നിർദേശത്തെ തുടർന്ന് അധികൃതർ ഈ വ്യവസ്ഥ നീക്കി നഗരസഭ പരിധിക്ക് പുറത്തുള്ളവർക്കും പെർമിറ്റ് അനുവദിച്ചു. ഇത് ചോദ്യം ചെയ്താണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. വടകരയിൽ മതിയായ പാർക്കിങ് സൗകര്യമില്ലെന്നും കൂടുതൽ ഓട്ടോകൾക്ക് അനുമതി നൽകുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരസഭയും മോട്ടോർ വാഹന വകുപ്പ് അധികൃതരുമടക്കമുള്ളവർ ഒത്തുചേർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വന്തമായുള്ള ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ച് വാടകക്ക് നൽകി പണമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോഴുള്ളത്. ഇതിൽ തെറ്റില്ലെങ്കിലും ജനങ്ങൾക്ക് പാർക്കിങ് അടക്കം സൗകര്യമൊരുക്കാൻ കൂടി സമയവും സ്ഥലവും വിനിയോഗിക്കണം. പൊതുസ്ഥലങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പാർക്കിങ് സൗകര്യം ഒരുക്കണം. ഓട്ടോറിക്ഷകളുടെ പെർമിറ്റ് നിഷേധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നത് ക്ഷേമരാഷ്ട്രത്തിന് അനുയോജ്യമല്ലെന്നും പൗരാവകാശ ലംഘനമാണെന്നും വിലയിരുത്തിയ കോടതി ഹരജിയിൽ ഇടപെട്ടില്ല.

Tags:    
News Summary - Autos should not be denied permits on account of traffic congestion - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.