ഫറോക്ക്: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻ പകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചതറിഞ്ഞ് ആഹ്ലാദനിറവിൽ ഗിരീഷ് പെരിഞ്ചീരി. ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ഈശോപ്പൻ എന്ന നാടൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗിരീഷിന് ഏറെ സന്തോഷം പകരുന്നത് സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് ലഭിച്ചുവെന്നത് കൂടിയാണ്. തമിഴ്നാട്ടിലെ തേനി, പഴനി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. നടൻ അശോകനും താനുമുൾപ്പെടെയുള്ള സഹപ്രവർത്തകർക്കൊപ്പം പാട്ടുപാടിയും കഥ പറഞ്ഞും ചെലവഴിക്കാൻ ഷൂട്ടിങ് ഇടവേളകളിൽ മമ്മൂക്ക സമയം കണ്ടെത്തിയിരുന്നു. സിനിമക്കും നല്ല നടനുള്ള അവാർഡും താൻ അഭിനയിച്ച സിനിമക്ക് തന്നെ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഗിരീഷ് പറയുന്നു.
രഞ്ജിത്തിന്റെ ‘പാലേരി മാണിക്യ’മാണ് ഗിരീഷിനെ സിനിമയിലെത്തിച്ചത്. മോഹൻലാൽ ചിത്രമായ സ്പിരിറ്റ്, നിവിൻ പോളിയുടെ സഖാവ്, സ്നേഹവീട്, ബാവുട്ടിയുടെ നാമത്തിൽ, ഷട്ടർ, അങ്കിൾ, പാതിര മണൽ, ഉറുമി, രണ്ടു പെൺകുട്ടികൾ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, അന്തരം തുടങ്ങി 40ൽപരം സിനിമകളിൽ വേഷമിട്ടു. ഷോർട്ട് ഫിലിമുകൾ, ഹോം സിനിമകൾ, ആൽബങ്ങൾ എന്നിങ്ങനെ കൈവെച്ച മേഖലകൾ ഏറെ. മാമുക്കോയ മരിച്ചതിനെ തുടർന്ന് ഒരു ക്ലൈമാക്സ് രംഗം മാത്രം പൂർത്തീകരിച്ച് പുറത്തിറങ്ങാനുള്ള ‘മലബാർ’ ഗിരീഷിന്റെ അഭിനയത്തികവിന്റെ മറ്റൊരു പൊൻതൂവലാണ്.
നാടകനടനായിരുന്ന പിതാവ് രാമനാട്ടുകര പാറമ്മൽ അച്യുതൻ നായരുടെയും സത്യഭാമയുടെയും മകനായ ഗിരീഷ് അഞ്ചാം വയസ്സ് മുതൽ പിതാവിന്റെ കൂടെ നാടകരംഗത്തെത്തി. കൊടുവള്ളി നാടക പഠന കേന്ദ്രത്തിന്റെ നാടകമത്സരത്തിൽ ‘പൊട്ടൻ’ എന്ന കഥാപാത്രത്തിന് അവാർഡ് ലഭിച്ചതോടെ ഈ രംഗത്ത് ശ്രദ്ധേയനായി. സജിത് കെ. കൊടക്കാടിന്റെ ‘സത്യപാലന്റെ സത്യം’ എന്ന ഏകപാത്ര നാടകം ആയിരത്തിലധികം വേദികൾ പങ്കിട്ടു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അവതാർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: സിന്ധു. മക്കൾ: അജ്ജു, അജയ് ഗിരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.