കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ആറുവർഷം മുമ്പ് വൈക്കം മുഹമ്മദ് ബഷീർ ചെയറിന് കീഴിൽ തുടങ്ങാനിരുന്ന വൈക്കം മുഹമ്മദ് ബഷീർ മ്യൂസിയം ഇപ്പോഴും കടലാസിൽ. എം.ടി. വാസുദേവൻ നായർ, ഡോ. എം.എം. ബഷീർ, ആർക്കിടെക്റ്റ് ആർ.കെ. രമേശ് എന്നിവരടക്കം ചേർന്ന് മ്യൂസിയത്തിന്റെ പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നു.
ബഷീറിന്റെ കൈയെഴുത്തുപ്രതികൾ, അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കൾ, ബഷീർ പുസ്തകങ്ങളുടെ ആദ്യപതിപ്പ് തുടങ്ങി ധാരാളം അമൂല്യ ശേഖരങ്ങൾ മ്യൂസിയത്തിൽ സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. ബഷീർ നിഘണ്ടു തയാറാക്കുന്ന പ്രവർത്തനവും പൂർത്തിയായിട്ടില്ല. ഡോ. എം.എം. ബഷീർ, ഡോ. എൻ. ഗോപിനാഥൻ നായർ എന്നിവരുൾപ്പെട്ട വിദഗ്ധസംഘം നാലു വർഷത്തെ കഠിന ശ്രമത്തിന്റെ ഫലമായി എട്ടു വാല്യങ്ങളായി തയാറാക്കിയ 6000 പേജുള്ള നിഘണ്ടുവിന്റെ കരട് പതിപ്പ് സർവകലാശാലക്ക് കൈമാറിയിട്ട് അഞ്ചു വർഷം കഴിഞ്ഞു.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതിനുശേഷമാണ് ഈ പദ്ധതികളിൽനിന്ന് സർവകലാശാല പിന്മാറുന്നത്. സാഹിത്യകാരന്മാരുടെ സന്ദർശന കേന്ദ്രമായിരുന്ന ബഷീർ ചെയർ ഇപ്പോൾ നിർജീവമാണ്. ബഷീർ ചെയർ പ്രവർത്തിക്കുന്ന കെട്ടിടം സാമൂഹിക ദ്രോഹികളുടെ വിഹാരകേന്ദ്രമാണ്. ബഷീർ മ്യൂസിയവും നിഘണ്ടുവും ഉടൻ യാഥാർഥ്യമാക്കണമെന്ന് സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.