കോഴിക്കോട്: തീരദേശവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് ബീച്ച് (ജനറൽ) ആശുപത്രി മാതൃ-ശിശു സൗഹൃദ ആശുപത്രിയാവുന്നു. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുഞ്ഞുങ്ങൾക്കും മാതാവിനും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മദർ ആൻഡ് ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ് (എം.ബി.എഫ്.എച്ച്.ഐ) എന്ന പദ്ധതി വിഭാവനം ചെയ്യുന്നത്.
ഇതിന്റെ സംസ്ഥാനതല ഗുണനിലവാര പരിശോധന സംഘം ഈ മാസം 21ന് ആശുപത്രിയിൽ പരിശോധന നടത്തും. ജില്ലതല പ്രാഥമിക പരിശോധന ചൊവ്വാഴ്ച പൂർത്തിയായി. പദ്ധതി ഗുണനിലവാര പരിശോധനയിൽ സ്കോർ നേടുന്നതിനു വിപുലമായ ഒരുക്കമാണ് ആശുപത്രിയിൽ നടത്തിയിട്ടുള്ളത്. ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി ചെയർമാനും പീഡിയാട്രിക് വിഭാഗത്തിലെ ഡോ. എം. ഷാജഹാൻ നോഡൽ ഓഫിസറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ആശുപത്രിയിലെ ജീവനക്കാർക്കും ചികിത്സക്കെത്തുന്ന രോഗികൾക്കും മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൃത്രിമപാലിന്റെ ദൂശ്യഫലങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
മാതാവിന്റെ ആരോഗ്യസംരക്ഷണത്തിന് രോഗികൾക്ക് ലഘുലേഖകളും വിതരണം ചെയ്യുന്നു. കൃത്രിമ മുലപ്പാൽ കമ്പനികളെ പ്രോത്സാഹിക്കുന്ന നടപടികളൊന്നും ആശുപത്രിയിൽ സ്വീകരിക്കുന്നില്ല.
അത്യാവശ്യ സന്ദർഭങ്ങളിൽ കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് ആവശ്യമായ കൃത്രിമപാൽ മാത്രമാണ് ആശുപത്രി സ്റ്റോറിൽ സൂക്ഷിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകളിലായി മൂന്ന് മുലയൂട്ടൽ കേന്ദ്രം തുറന്നു. ഗര്‍ഭിണികളുടെ പരിചരണം, പ്രസവം തുടങ്ങിയവ സ്ത്രീ സൗഹാര്‍ദമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടിയുടെയും വിവിധ ഗുണനിലവാര സൂചികകളുടെയും അടിസ്ഥാനത്തിലാണ് മാതൃശിശു സൗഹൃദ ആശുപത്രിക്കുള്ള സര്ട്ടിഫിക്കേഷന് ലഭിക്കുന്നത്. 21ന് നടക്കുന്ന പരിശോധനയിൽ ഫുൾ സ്കോർ നേടാനാകുമെന്ന് പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.