നാദാപുരം: അത്യാവശ്യ കാര്യങ്ങൾക്കുപോലും വെള്ളം കിട്ടാതെ നാദാപുരം മിനി സിവിൽ സ്റ്റേഷനിലെ 75ഓളം ജീവനക്കാർ ദുരിതത്തിൽ. മിനി സിവിൽ സ്റ്റേഷനിൽ ജല അതോറിറ്റിയുടെ ജല വിതരണം മുടങ്ങിയതോടെയാണ് ജീവനക്കാരും ഓഫിസിലെത്തുന്നവരും ദുരിതത്തിലായത്. ജല അതോറിറ്റിയുടെ കണക്ഷനുണ്ടെങ്കിലും പ്രവർത്തനരഹിതമാണ്.
കുടിശ്ശികയുടെ പേരിൽ വാട്ടർ അതോറിറ്റി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയായിരുന്നു. നാലുമാസത്തെ 60,000 രൂപ കുടിശ്ശികയുടെ പേരിലാണ് ജലവിതരണം നിലച്ചത്. ജില്ല ഭരണാധികാരികൾ കുടിശ്ശിക തീർത്താൽ മാത്രമേ കണക്ഷൻ പുനഃസ്ഥാപിക്കുകയുള്ളൂ. വടകര താലൂക്ക് ഓഫിസിനുകീഴിൽ വരുന്ന സ്ഥാപനങ്ങളായതിനാൽ പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കേണ്ടത് വടകര താലൂക്ക് ഓഫിസാണ്.
ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, എക്സൈസ്, ലാൻഡ് ട്രൈബ്യൂണൽ ട്രഷറി എന്നീ പ്രധാനപ്പെട്ട നാല് ഓഫിസുകളാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽനിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് താൽക്കാലികമായി വെള്ളം ഉപയോഗിച്ചിരുന്നത്.
വേനലിൽ കിണർ വറ്റിയതോടെ താൽക്കാലിക സംവിധാനവും നിലച്ചു. ഓഫിസിന് സമീപത്തെ വീട്ടുകാരുടെയും ആശ്രയമായിരുന്നു ഈ കിണർ. സിവിൽ സ്റ്റേഷൻ മുറ്റത്ത് കിണർ, കുഴൽകിണർ എന്നിവ നിർമിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്നാണ് ജീവനക്കാരും നാട്ടുകാരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.