കാക്കൂർ: ഉപയോഗിക്കാത്ത വെള്ളത്തിന്റെ കുടിശ്ശിക ബിൽ ഒന്നര ലക്ഷം ലഭിച്ചെന്ന പരാതിയുമായി കുടുംബം. പാവണ്ടൂർ നമ്പ്യാറമ്പത്ത് ഷഫീറിന്റെ കുടുംബത്തിനാണ് ഈ ദുരിതം. വീട്ടിലെ കിണറ്റിൽ ധാരാളം വെള്ളമുള്ളതിനാൽ പൈപ്പുവെള്ളം ഉപയോഗിക്കാറില്ലെന്നാണ് കുടുംബം പറയുന്നത്. പെർമനന്റ് ലോക് അദാലത്തിൽ നൽകിയ പരാതിയിൽ ഒമ്പതു സിറ്റിങ് നടത്തി. ഇതിൽ സെപ്റ്റംബർ മാസത്തിൽ മീറ്റർ പരിശോധിക്കാൻ ജല അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, ജല അതോറിറ്റി നിർദേശം പാലിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിസംബർ 11നാണ് അടുത്ത അദാലത്ത് സിറ്റിങ്. ലഭിച്ച ബില്ലുകളിൽ വെള്ളത്തിന്റെ മീറ്റർ റീഡിങ്ങിലും ദ്വൈമാസ ഉപയോഗ യൂനിറ്റിലും മാറ്റം കാണിച്ചിട്ടില്ല. എന്നാൽ, ശരാശരി ഇരുപതിനായിരം രൂപയോളം ജല ഉപയോഗ ചാർജാണ് ബില്ലിൽ ഉള്ളത്. ഈ ബില്ലിൽ കുടിശ്ശിക ചാർജും ചേർത്താണ് വരുന്നത്. ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ നവംബർ 22ന് മുൻകാല കുടിശ്ശികയടക്കം 1,42,945 രൂപയുടെ ബില്ലാണ് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസം മുതൽ മീറ്റർ റീഡിങ് 927ന് മാറ്റമില്ല. ജനുവരി മുതലാണ് വലിയ ബിൽ വരാൻ തുടങ്ങിയത്. തുടർന്ന് പരാതി നൽകിയതായി കുടുംബം പറയുന്നു. വീട്ടുടമസ്ഥനായ ഷഫീർ വിദേശത്തായതിനാൽ പിതാവ് മുഹമ്മദ് ഹാജിയും മാതാവ് മറിയവുമാണ് ഇവിടെ താമസിക്കുന്നത്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകിയിട്ടുണ്ട്. ഇതിലെങ്കിലും പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.